ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച അറുപതോളം പുനഃപരിശോധന ഹര്‍ജികളുടെ വാദമാണ് സുപ്രീംകോടതി കേള്‍ക്കുക. ഒന്‍പതംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ശബരിമല യുവതി പ്രവേശന ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ മാത്രമാണ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി ഇന്ന് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ഭരണഘടന ബെഞ്ചില്‍ ആരൊക്കെയാണ് അംഗങ്ങളെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി 2018 സെപ്റ്റംബറിലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേരളത്തിലാകെ വിധിക്കെതിരെ പ്രതിഷേധം അലയടിച്ചു. വിധിക്കെതിരെ കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചു. പുനഃപരിശോധന ഹര്‍ജികള്‍ 2019 നവംബറിലാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.