ജെഎൻയു എ.ബി.വി.പി ആക്രമണം: പ്രതിഷേധിച്ച് പൃഥിരാജും
കൊച്ചി: ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തെ അപലപിച്ച് നടൻ പൃഥ്വിരാജ് രംഗത്ത്. കലാലയത്തിൽ അതിക്രമിച്ച് കയറി വിദ്യാർഥികളെ അക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഹിംസയും നശീകരണ മനോഭാവവും ഒന്നിനും പരിഹാരമല്ലെന്നും ഈ കുറ്റകൃത്യം ഏറ്റവും വലിയ ശിക്ഷ തന്നെ അർഹിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ജെഎൻയുവിലെ സംഭവങ്ങളെ അപലപിച്ച് നടി മഞ്ജു വാര്യരും നടൻ നിവിൻ പോളിയും നേരത്തേ രംഗത്തു വന്നിരുന്നു.
ജെഎൻയുവിൽനിന്നുള്ള മുഖങ്ങൾ ഞെട്ടിച്ചെന്ന് മഞ്ജു വാര്യർ പറഞ്ഞു. ജെഎൻയു രാജ്യത്തിൻറെ അറിവിൻറെ അടയാളമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവിടെ പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിൻറെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുന്‌പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്നു മഞ്ജു വ്യക്തമാക്കി.
ജെഎൻയുവിലെ അക്രമം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നു പറഞ്ഞ നിവിൻ, ഇത് ക്രൂരതയുടെ അങ്ങേയറ്റമാണെന്നും കുറ്റപ്പെടുത്തി. വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഇതിനെതിരേ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും നിവിൻ കുറിപ്പിൽ ആവശ്യപ്പെട്ടു.