വജ്രായുധം! യുക്രെയ്നിൽ റഷ്യ പ്രയോഗിച്ചത് ഹൈപ്പർസോണിക് മിസൈൽ
യുക്രെയ്നിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ആയുധ സംഭരണ കേന്ദ്രം നശിപ്പിക്കാൻ റഷ്യ ആദ്യമായി ഏറ്റവും പുതിയ കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഉയർന്ന കൃത്യതയുള്ള ഈ ആയുധം യുദ്ധത്തിൽ ഇതിനു മുൻപ് ഉപയോഗിച്ചതായി റഷ്യ ഇതുവരെ സമ്മതിച്ചിരുന്നില്ല. യുക്രെയ്നിൽ കിൻസാൽ ഹൈപ്പർസോണിക് ആയുധങ്ങൾ ആദ്യമായി ഉപയോഗിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ നോവോസ്റ്റിയും അറിയിച്ചു.
ഹൈപ്പർസോണിക് എയറോബാലിസ്റ്റിക് മിസൈലുകളുള്ള കിൻസാൽ ഏവിയേഷൻ മിസൈൽ സംവിധാനം ഇവാനോ-ഫ്രാങ്കിവ്സ്ക് മേഖലയിലെ ഡെലിയാറ്റിൻ ഗ്രാമത്തിലെ യുക്രെയ്ൻ സേനകളുടെ മിസൈലുകളും വ്യോമയാന വെടിക്കോപ്പുകളും അടങ്ങിയ ഒരു വലിയ ഭൂഗർഭ വെയർഹൗസ് നശിപ്പിച്ചു എന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പറഞ്ഞത്.
റൊമാനിയയുടെ അതിർത്തിയോട് ചേർന്ന് ഇവാനോ-ഫ്രാങ്കിവ്സ്ക് നഗരത്തിന് പുറത്താണ് ഡെലിയാറ്റിൻ സ്ഥിതിചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് വാർത്താ ഏജൻസികളോട് പ്രതികരിക്കാൻ റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് തയാറായില്ല.
ശബ്ദത്തിന്റെ 10 മടങ്ങ് വേഗത്തിൽ പറക്കുന്ന, വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിയുന്ന കിൻസാൽ (ഡാഗർ) മിസൈലിനെ ‘അനുയോജ്യമായ ആയുധം’ എന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഒരിക്കൽ വിശേഷിപ്പിച്ചത്. 2018-ൽ പുട്ടിൻ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പുതിയ ആയുധങ്ങളിൽ ഒന്നാണ് കിൻസാൽ മിസൈൽ.
ആണവായുധങ്ങൾ എത്തിക്കാൻ കഴിയുന്ന പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകൾ പോലെയുള്ള ഹൈപ്പർസോണിക് മിസൈലുകൾക്ക് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ പറക്കാൻ കഴിയും. എന്നാൽ ബാലിസ്റ്റിക് മിസൈലുകൾ അവയുടെ ലക്ഷ്യത്തിലെത്താൻ ആദ്യം ബഹിരാകാശത്തേക്ക് കുതിക്കുകയും പിന്നീട് താഴോട്ട് വരികയുമാണ് ചെയ്യുന്നത്. അതേസമയം ഒരു ഹൈപ്പർസോണിക് മിസൈൽ അന്തരീക്ഷത്തിലെ താഴ്ന്ന പാതയിലൂടെ പറന്നു ടാർഗറ്റിനെ നേരിടുന്നു. കൂടുതൽ വേഗത്തിൽ ലക്ഷ്യത്തിലെത്താനും ഇതുവഴി സാധിക്കുന്നു.
യുഎസ് പോലുള്ള രാജ്യങ്ങൾ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപന ചെയ്തിട്ടുള്ള സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു ഹൈപ്പർസോണിക് മിസൈൽ ട്രാക്ക് ചെയ്യാനും താഴെയിറക്കാനുമുള്ള ശേഷി ഒരു രാജ്യത്തിനും ഇല്ലെന്നാണ് അറിയുന്നത്.
യുഎസ്, ചൈന, റഷ്യ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് രാജ്യങ്ങൾ ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. യുഎസിൽ നിന്ന് വ്യത്യസ്തമായി ചൈനയും റഷ്യയും ആണവായുധങ്ങളുമായി പൊരുത്തപ്പെടുന്ന ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.