ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ (ഓപ്പണ്‍) പരിശോധനയുടെ നിരക്ക് 1,500ല്‍ നിന്ന് 1,700 രൂപയായാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് ജനുവരിയിലാണ് 1, 500 രൂപയാക്കി പുനര്‍ നിശ്ചയിച്ചത്. സംസ്ഥാനത്ത് എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്. ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്.

ആര്‍ടിപിസിആര്‍ 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്‍ിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തില്‍ സംസ്ഥാനത്ത് നിരക്ക് നിശ്ചയിച്ചിരുന്നത്. മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായി. ഇതോടെ നിരക്കുകളില്‍ മാറ്റം വരുത്തുകയായിരുന്നു.

എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News