ഹൈദരാബാദ്: തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബി ആർ എസ്. പാർട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു ഞായറാഴ്ച ഹൈദരാബാദിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അർഹതപ്പെട്ടവർക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ബിആർഎസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
ബിപിഎൽ കുടുംബങ്ങൾക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അരി, അർഹതപ്പെട്ടവർക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതി പ്രകാരം 3000 രൂപ ധനസഹായം നൽകും. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 6000 രൂപയായി ഉയർത്തുമെന്നും ബിആർഎസിന്റെ പ്രകടനപത്രികയിൽ പറയുന്നു.
നവംബര്‍ മൂന്നിനാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 119 സീറ്റുകളിൽ 115 എണ്ണത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ ബിആർഎസ് ആഗസ്റ്റിൽ തന്നെ പ്രചാരണം ആരംഭിച്ചു. 95-105 സീറ്റ് വരെ കിട്ടുമെന്നാണ് ബിആർഎസ് പ്രതീക്ഷ. മറുവശത്ത് കോണ്‍ഗ്രസ് മുന്‍തൂക്കം പ്രവചിക്കുന്നതാണ് സര്‍വ്വേ ഫലങ്ങള്‍.
കോണ്‍ഗ്രസ് 60 സീറ്റുകള്‍ വരെ നേടുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വേ ഫലം. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമ്പോള്‍ ഭരണകക്ഷിയായ ബിആര്‍സ് 43 മുതല്‍ 55 സീറ്റുകള്‍ വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. ബിജെപി അഞ്ച് മുതല്‍ 11 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ അഞ്ച് മുതല്‍ 11വരെ സീറ്റുകള്‍ നേടാമെന്നാണ് ഫലം.