CricketNewsSports

പാക് താരത്തിന് നേരെ ‘ജയ്ശ്രീറാം’ വിളി; അംഗീകരിക്കാനാവാത്തതെന്ന് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ ‘ജയ് ശ്രീറാം’ വിളിയുമായി കാണികള്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക് താരമായ മുഹമ്മദ് റിസ്‌വാന് നേരെയാണ് ഇന്ത്യന്‍ ആരാധകര്‍ ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിച്ചത്.

60 പന്തില്‍ 49 റണ്‍സ് എടുത്തതിന് പിന്നാലെ പുറത്തായ റിസ്‌വാന്‍ ഡ്രെസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാണികളോട് ഒന്നും പ്രതികരിക്കാതെ താരം നേരെ ഡ്രസിങ് റൂമിലേക്ക് കടന്നുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ മുഹമ്മദ് റിസ്‌വാന്‍ സെഞ്ച്വറി നേടിയിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടന്നാണ് പാകിസ്താന്‍ വിജയിച്ചത്. മത്സരത്തില്‍ താരത്തിന്റെ നിര്‍ണായക സെഞ്ച്വറി നേട്ടം ഗാസയിലെ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചരണവും നടന്നു. ഇതിനുപിന്നാലെയാണ് റിസ്‌വാനെതിരെ ഇപ്പോള്‍ നേരിട്ട് ആക്രമണം നടന്നത്.

ആരാധകരുടെ മോശം പ്രവൃത്തിയില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ വിമര്‍ശനമുന്നയിച്ചു. ആരാധകരുടെ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. ‘സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ പാക് താരങ്ങള്‍ക്കെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണ്.

സ്‌പോര്‍ട്‌സ് എന്നത് രാജ്യങ്ങളെ ഒരുമിപ്പിക്കുകയും സാഹോദര്യത്തെ പരിപാലിക്കുകയും ചെയ്യുന്ന ശക്തിയാണ്. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉപകരണമായി കായികമേഖലയെ ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണ്’, ജയ്ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന കാണികളുടെ വീഡിയോ പങ്കുവെച്ച് ഉദയനിധി സ്റ്റാലിന്‍ കുറിച്ചു.

മുഹമ്മദ് റിസ്‌വാനെതിരായ സംഭവത്തില്‍ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തുന്നത്. ആരാധകരുടെ പെരുമാറ്റം മോശവും അസംബന്ധവുമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തുന്നത്. ചെന്നൈ സ്റ്റേഡിയത്തില്‍ വെച്ചും പാക് താരങ്ങള്‍ക്ക് മത്സരങ്ങളുണ്ടെന്നും അവരെ നല്ല രീതിയില്‍ തന്നെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞും കമന്റുകളുണ്ട്. അതേസമയം ജയ്ശ്രീറാം വിളിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker