കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം വന്‍ കവര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരിന്നു മോഷണം. മങ്കിക്യാപ്പ് ധരിച്ച് ബെര്‍മ്മൂഡയിട്ട് ഷര്‍ട്ടിടാതെ ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് അഞ്ച് കാണിക്കവഞ്ചികള്‍ തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരിന്നു. ക്ഷേത്രത്തിലെ ചുറ്റുമതിലിനുള്ളില്‍ ശിവന്റെ ശ്രീകോവിലിനു മുന്നിലെ രണ്ടു കാണിക്കവഞ്ചിയും, അയ്യപ്പന്റെ ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചിയുമാണ് മോഷ്ടാവ് കവര്‍ന്നത്.
ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തു നിന്നും പൂട്ടി. തുടര്‍ന്ന് അഞ്ചു കാണിക്കവഞ്ചികളും തകര്‍ക്കുകയായിരുന്നു. കാണിക്കവഞ്ചികള്‍ക്കുള്ളില്‍ നിന്നു നോട്ടുകള്‍ തന്നെ തിരഞ്ഞുപിടിച്ചാണ് മോഷ്ടിച്ചിരിക്കുന്നത്.
രാവിലെ ക്ഷേത്രത്തില്‍ എത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടര്‍ന്നു വിവരം വെസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
തുടര്‍ന്നാണ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഇതില്‍ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. തുടര്‍ന്നു, ഈ ദൃശ്യങ്ങള്‍ സഹിതം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ക്ഷേത്രത്തിനുള്ളില്‍ കയറി വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച തിരുവനന്തപുരം സ്വദേശിയെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ കണ്ടു പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു.