KeralaNews

തിരുവനന്തപുരം-നിസാമുദീന്‍ എക്സ്പ്രസില്‍ യാത്രക്കാരെ മയക്കിയ ശേഷം കവര്‍ച്ച

തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ കവര്‍ച്ച. മൂന്ന് യാത്രക്കാരുടെ സ്വര്‍ണവും മൊബൈലും കവര്‍ന്നു. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരികള്‍ക്ക് കോയമ്പത്തൂരില്‍ വച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായാണ് വിവരം. ഡല്‍ഹി നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.

ട്രെയിനിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശി കൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് മോഷണം പോയത്. കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.

കവര്‍ച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ഭക്ഷണം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവര്‍ ബോധരഹിതരായെന്നാണ് പോലീസിന്റെ നിഗമനം. തീവണ്ടിയില്‍ പോലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button