ആലപ്പുഴ: തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ പുതിയ നീക്കവുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാതിതോഷികം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2500 രൂപ വീതമാണ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനമായി നല്‍കുക.
തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനും ജയില്‍ ഉദ്യോഗസ്ഥരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുമാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്. ഒരു തടവുകാരനില്‍ നിന്നും രണ്ടു തവണ ഫോണ്‍ പിടിച്ചാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. പിടിക്കുന്ന മൊബൈലുകളുടെ എണ്ണമനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പാരിതോഷികവും വര്‍ദ്ധിക്കും.
തടവുകാരെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ഇളവും നല്‍കരുതെന്നും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നും നിര്‍ദ്ദേശമുണ്ട്. ജയിലിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ജയില്‍ ഡിജിപി, ജയില്‍ ഡിഐജിമാര്‍, ജയില്‍ സൂപ്രണ്ടുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.