തിരുവനന്തപുരം:പി.സി ജോര്‍ജിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി. ജോർജിനെ പോലെ വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നും ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി.
പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാർ MLA ആയത് ആരുടെ ഒക്കെവോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു റിജിൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഇക്കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജില്‍ നിന്നും ഷാള്‍ സ്വീകരിക്കാന്‍ റിജില്‍ മാക്കുറ്റി വിസ്സമ്മതിച്ചിരുന്നു. പി.സി ജോര്‍ജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയില്‍ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയില്‍ അപമാനിച്ചയാളാണെന്നും അയാളുടെ ഷാള്‍ സ്വീകരിക്കുന്നത് തന്‍റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ലെന്നുമാണ് റിജില്‍ മാക്കുറ്റി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നില്‍ക്കുകയും ചെയ്യുന്ന ഒരാളോടും കോംപ്രമൈസ് ചെയ്യാന്‍ മനസ്സില്ല. കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച സി.പി.എമ്മിനോടും തന്‍്റെ നിലപാട് അങ്ങനെ തന്നെയാണ്. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല താന്‍ നിലപാട് എടുക്കാറ്. അതിന്‍്റെ പേരില്‍ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടില്‍ ഒരിക്കലും വെള്ളം ചേര്‍ക്കില്ലെന്നും റിജില്‍ മാക്കുറ്റി വിശദീകരിച്ചു.
നേരത്തെ യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു യു.ഡി.എഫുമായി യാതൊരു ബന്ധവുമില്ലെന്നും യു.ഡി.എഫ് നേതാക്കൾ വഞ്ചകൻമാരാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.ഉമ്മൻ ചാണ്ടിക്ക് മൂർഖന്‍റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മൻ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിയാണ് തന്‍റെ യു.ഡി.എഫ് പ്രവേശനം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
യു.ഡി.എഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷേ ജിഹാദികളുടെ കയ്യില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുകയാണ്. ജിഹാദികള്‍ പിന്തുണക്കുന്ന യു.ഡി.എഫുമായി യാതൊരു സഹകരണവുമില്ലെന്നും പി.സി പറഞ്ഞു.