കണ്ണൂര്‍: മലബാറില്‍ നല്‍കിയ 10 വര്‍ഷം പഴക്കമുള്ള മെമു റേക്ക് റെയില്‍വേ മാറ്റുന്നു. കണ്ണൂര്‍-കോയമ്പത്തൂര്‍ (16607/16608) മെമു ജൂലായ് ഏഴുമുതല്‍ പരമ്പരാഗത റേക്കില്‍ ഓടും. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. 2011-ല്‍ കമ്മിഷന്‍ചെയ്ത മെമു ചെന്നൈ സബ് അര്‍ബനില്‍ ഓടിച്ചശേഷമാണ് നല്‍കിയത്. ഇതുസംബന്ധിച്ച് മാതൃഭൂമി നല്‍കിയ വാര്‍ത്തയെത്തുടര്‍ന്ന് ജനപ്രതിനിധികളും ഇടപെട്ടു. പഴയ പാസഞ്ചര്‍ കോച്ച് മാറി മെമു വന്നപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ശൗചാലയമായിരുന്നു. തുരുമ്പെടുത്ത കോച്ചുകളും പ്രതിഷേധത്തിനിടയാക്കി.
ത്രീ ഫെയ്‌സ് മെമുവില്‍ ഒന്‍പത് കോച്ചില്‍ ശൗചാലയങ്ങള്‍ 18 എണ്ണം ഉണ്ടാകും. 14 കോച്ചുള്ള പരമ്പരാഗത റേക്ക് വണ്ടിയില്‍ 56 എണ്ണം യാത്രക്കാര്‍ക്ക് ഉപയോഗിക്കാമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍-മംഗളൂരു-കണ്ണൂര്‍ മെമുവിന്റെ (06477/06478) 12 റേക്ക് ഇതിന് പകരം ഇടയ്ക്ക് ഉപയോഗിച്ചു. അപ്പോള്‍ ദുരിതത്തിലായത് രാവിലെയുള്ള കണ്ണൂര്‍-മംഗളൂരു യാത്രക്കാരായിരുന്നു.
പരമ്പരാഗത റേക്കില്‍ 14 കോച്ചുണ്ടാകും. 12 ജനറല്‍ കോച്ചും രണ്ട് എസ്.എല്‍.ആറും (സീറ്റിങ് കം ലഗേജ് റേക്ക്). കോയമ്പത്തൂര്‍-കണ്ണൂര്‍ ജൂലായ് ഏഴിനും കണ്ണൂര്‍-കോയമ്പത്തൂര്‍ ജൂലായ് എട്ടിനും റേക്ക് മാറും. രാവിലെ 6.20-ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50-ന് കോയമ്പത്തൂര്‍ എത്തും. കോയമ്പത്തൂരില്‍നിന്ന് ഉച്ചയ്ക്ക് 2.15-ന് പുറപ്പെടുന്ന വണ്ടി രാത്രി ഒന്‍പതിന് കണ്ണൂരെത്തും.