രോഗിയില്ലാത്ത ആംബുലന്‍സ് ചീറിപ്പാഞ്ഞെത്തി ഇടിച്ചു, ഡ്രൈവറുടെ മര്യാദ ഇല്ലാത്ത പെരുമാറ്റവും; ദുരനുഭവം വിവരിച്ച് രഞ്ജു
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നലെ കൊല്ലം എഴുകോണില്‍ വെച്ചായിരുന്നു അപകടം. എതിരെ എത്തിയ ആംബുലന്‍സ് രഞ്ജു സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. രോഗിയില്ലാതിരുന്ന ആംബുലന്‍സ് ആണ് അമിത വേഗതയില്‍ എത്തി തങ്ങളുടെ കാറില്‍ ഇടിച്ചതെന്ന് രഞ്ജു പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ മോശമായി തങ്ങളോട് പെരുമാറിയെന്നും അവര്‍ പറയുന്നു.
അപകടെക്കുറിച്ച് രഞ്ജു പറയുന്നത്
അപകടത്തിന്റെ ഷോക്കില്‍ നിന്നും ഞാന്‍ ഇപ്പോഴും മുക്തയായിട്ടില്ല. കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് വരുന്ന വഴി എഴുകോണില്‍വെച്ചാണ് അപകടമുണ്ടായത്. ഒരു വിവാഹചടങ്ങ് കഴിഞ്ഞുവരുന്ന വഴിയായിരുന്നു. എതിരെ പാഞ്ഞെത്തിയ ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ നിയന്ത്രണം വിട്ട് എന്റെ വണ്ടിയില്‍ വന്നിടിക്കുകയായിരുന്നു. ഇടിക്കുന്നതിന് മുന്‍പ് ആംബുലന്‍സ് റോഡില്‍ വട്ടംകറങ്ങുന്നുണ്ടായിരുന്നു. അത്രവേഗത്തിലാണ് വന്നത്. എന്റെ വണ്ടി മിതമായി വേഗതയില്‍ ഒതുങ്ങിയാണ് വന്നത്.
ആംബുലന്‍സില്‍ രോഗിയില്ലായിരുന്നു. എന്നിട്ടും സൈറണിട്ട് അമിതവേഗതയിലാണ് വന്നത്. എന്റേത് കുറച്ച് വലിയ വണ്ടിയാണ്, എയര്‍ബാഗും കൃത്യസമയത്ത് പ്രവൃത്തിച്ചതുകൊണ്ട് മാത്രമാണ് പരുക്കേല്‍ക്കാതെ രക്ഷപെട്ടത്. ഒരു ചെറുപ്പക്കാരനാണ് ആംബുലന്‍സിന്റെ ഡ്രൈവര്‍. തെറ്റ് അയാളുടെ ഭാഗത്തായിരുന്നിട്ട് പോലും മര്യാദയില്ലാതെ ഞങ്ങളോട് തട്ടികയറുകയായിരുന്നു.
ഇത്തരം ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയാണ് വേണ്ടത്. ഒരു ജീവനുംകൊണ്ട് പായുന്നവയല്ലേ ആംബുലന്‍സുകള്‍. പവര്‍സ്റ്റിയറിങും പവര്‍ ബ്രേക്കുമില്ലാത്ത ചെറിയ വണ്ടികള്‍ക്ക് എന്ത് സുരക്ഷയാണ് നല്‍കാന്‍ സാധിക്കുന്നത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചു. അവരുടെ ഭാഗത്ത് നിന്നും നല്ല സമീപനമായിരുന്നു. പരാതി എഴുതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.