ന്യൂഡൽഹി : പ്രണയം തകർന്നതിനെ തുടർന്ന് പങ്കാളി ആത്മഹത്യ ചെയ്താൽ അത് ആത്മഹത്യ പ്രേരണയാവില്ലെന്ന് സുപ്രീം കോടതി. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കർണാടക സ്വദേശിയെ വെറുതെ വിട്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേയാണ് ഉത്തരവ്.
ഒരാളെ വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് ആത്മഹത്യ പ്രേരണയായി മാറില്ല. എട്ടുവർഷത്തെ പ്രണയ ബന്ധം തകരുകയും വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തതിനാൽ പങ്കാളി ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടികാട്ടി ഹർജിക്കാരന് വിചാരണ കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് വിവാഹം നിരസിക്കുന്നത് ആത്മഹത്യയ്ക്ക് പ്രേരണയാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കയിത്.
ഛിന്നഭിന്നമായ ബന്ധങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും ആ ബന്ധം വേർപെടുത്തുന്നത് ആത്മഹത്യയ്ക്ക് പ്രേരണ ഉണ്ടാക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. കാമുകൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 21 കാരിയായ യുവതി വിഷം കഴിച്ച് മരിച്ചതാണ് കേസ്. എട്ടുവർഷമായി ഇരുവരും പ്രണയബന്ധത്തിലായിരുന്നു. ആദ്യം വിവാഹം കഴിക്കാമെന്ന് യുവാവ് വാഗ്ദാനം നൽകിയിരുന്നെങ്കിലും പിന്നീട് അത് നിരസിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. പുരുഷൻ തന്റെ വിസമ്മതം അറിയിച്ചതിനെ തുടർന്ന് 2007 ഓഗസ്റ്റ് 18 ന് സ്ത്രീ വിഷം കഴിച്ച് മരിച്ചു.