ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്. നാളെ പുലർച്ചെയോടെ കർണ്ണാടക തീരത്ത് വച്ച് ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാനാണ് നിലവിൽ സാധ്യത. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയിൽ 263 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് ഗോവയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതടക്കം 5 ബാർജുകൾ മോശം കാലാവസ്ഥയെത്തുടർന്ന് കൊല്ലത്ത് തീരത്തടുപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോന്നിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത്.
തിരുവനന്തപുരത്ത് നെയ്യാർ ഡാം നാല് ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തിയിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരം നഗരത്തിൽ കിള്ളിയാർ, കരമനയാർ വെള്ളം കരകവിഞ്ഞ് ധർമ്മമുടുമ്പ്, കാലടിക്കടുത്ത പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.
തിരുവനന്തപുരം തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. കടലാക്രമണത്തിൽ 13 വീടുകൾ തകർന്നു. മോശം കാലാവസ്ഥയെ തുടർന്നാണ് ശ്രീലങ്കയിൽ നിന്ന് ഗോവയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ മൂന്ന് ബാർജുകളും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പാറ കൊണ്ടുപോകുന്ന 2 ബാർജുകളുമാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്.
പരവൂർ, അഴീക്കൽ തീരത്ത് ജാഗ്രതതുടരുകയാണ്. തൃക്കോവിൽവട്ടത്ത് 5 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടവിട്ടുള്ള മഴയും തുടരുന്നു. 356 ക്യാംപുകൾ തുറന്നു. പുലമൺ സ്വദേശി ബാലകൃഷ്ണൻ ആചാരിയുടെ വീട് മരംവീണ് തകർന്നു.
പത്തനംതിട്ട കോന്നിയിൽ ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെ പെയ്തത് 153 മില്ലി മീറ്റർ മഴയാണ്. അപ്പർകുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 530 ക്യാംമ്പുകൾ തുറക്കാൻ സജ്ജമാണ്.