തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്ത് അറുത്ത് കൊന്ന് പിതാവ് കുളത്തില്‍ ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നൈനാംകോണം സ്വദേശിയായ സഫീറാണ് പതിനൊന്നുകാരനായ മകന്‍ അല്ത്താഫിനെ കൊലപ്പെടുത്തിയ ശേഷം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. സഫീറിന്റെ മൃതദേഹം കണ്ടെത്തി. ഇളയ മകനെയും എടുത്താണ് കുളത്തില്‍ ചാടിയെന്ന നിഗമനത്തില്‍ ഇളയ കുട്ടിക്ക് ആയിട്ടുള്ള തിരച്ചില്‍ നടക്കുകയാണ്.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് സൂചന. സഫീറും ഭാര്യയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇവര്‍ ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടികള്‍ സഫീറിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസുകാരനെ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സഫീറിന്റെ മൃതദേഹം കണ്ടെടുത്തത്. ഇളയ കുട്ടിക്കായി ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.