ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിച്ചിരുന്നു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തി. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ്.
2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.