കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് നടന്ന ജനറല്‍ ബോഡി തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി രമേഷ് പിഷാരടി. സ്ത്രീകള്‍ക്ക് നാല് സീറ്റ് സംവരണം ചെയ്ത് വെക്കുക എന്നതാണ് താന്‍ ഉദ്ദേശിച്ചത് എന്നും വനിതകള്‍ക്കായി മാറി കൊടുത്തതില്‍ ഒരു പ്രശ്‌നവും തര്‍ക്കവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രമേഷ് പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
‘അമ്മ സംഘടനയിലെ സ്ത്രീസംവരണം 30-40 ശതമാനം വേണം എന്നുള്ളതാണ് ബൈലോ പറയുന്നത്. കമ്മിറ്റിയിലെ അംഗങ്ങളില്‍ നാല് പേര്‍ സ്ത്രീകളായിരിക്കണം എന്നതാണ്. ആ നാല് പേര്‍ക്ക് വേണ്ടി കൃത്യമായി സീറ്റ് സംവരണം ചെയ്ത് മാറ്റുക. സീറ്റ് സ്ത്രീകള്‍ക്ക് കൊടുക്കുക. അവിടെ സ്ത്രീകള്‍ മാത്രം മത്സരിക്കുന്നു, പുരുഷന്‍മാര്‍ മത്സരിക്കുന്നില്ല. നാല് സീറ്റാണ് ഉള്ളതെങ്കില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ മാത്രം ഇലക്ഷന്‍.
അല്ലെങ്കില്‍ നോമിനേറ്റ് ചെയ്ത് അവരാ സ്ഥാനത്ത് ഇരിക്കട്ടെ എന്നുള്ള രീതിയില്‍ സംവരണം ചെയ്ത് വെക്കുക എന്നുള്ളതാണ് ആ കത്തില്‍ പ്രധാനമായും ഉള്ളടക്കമായി വെച്ചത്. അത് വെക്കാനുണ്ടായ കാരണം, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് താരതമ്യേന വോട്ട് കുറഞ്ഞ് പോയി. വോട്ട് കുറഞ്ഞ് പോയപ്പോഴും അവരെ ഉള്‍പ്പെടുത്തുക, സംവരണം നടപ്പിലാക്കുക എന്നുള്ളത് സംഘടനയുടെ ഉത്തരവാദിത്തമായത് കൊണ്ട് വോട്ട് കുറഞ്ഞ പുരുഷന്‍മാര്‍ മാറി.
എന്നിട്ട് ആ സ്ഥാനത്തേക്ക് സ്ത്രീകളെ കയറ്റുക എന്നുള്ളതാണ് ബൈലോ പ്രകാരം നടന്നത്. അതിലുള്ള പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ജനാധിപത്യപരമായിട്ട് വോട്ട് കൂടുതല്‍ കിട്ടിയ ആള്‍ ജയിക്കണമല്ലോ. നമുക്ക് വോട്ട് ചെയ്ത ആള്‍ ഞാന്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തു, പക്ഷെ എന്തുകൊണ്ട് അങ്ങോട്ട് വന്നില്ല എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ജയിച്ച ശേഷവും സ്ത്രീകള്‍ വരാന്‍ വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്.
ഞാനാവശ്യപ്പെട്ടത് സ്റ്റേജില്‍ ജയപരാജയങ്ങള്‍ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്നയാള്‍ക്ക് ഇത്ര വോട്ട് കിട്ടി പക്ഷെ ഇങ്ങനെ ഒരു നിയമം ഉള്ളത് കൊണ്ട് ഇന്നയാള്‍ക്ക് വേണ്ടി മാറി കൊടുക്കുന്നു. അന്‍സിബയാണ് പകരം വന്നത്. അന്‍സിബ നമ്മളുടെ സഹോദരിയാണ്. ഞാന്‍ മാറി കൊടുത്തെങ്കിലും കൃത്യമായ പത്രസമ്മേളനം വിളിച്ച് പറയാതിരുന്നത് കൊണ്ട് ഞാന്‍ പരാജയപ്പെട്ടു എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്.
ഞാന്‍ അമ്മയോട് ആവശ്യപ്പെട്ടത് അങ്ങനെ ഒരു വാര്‍ത്ത വരുത്തേണ്ട ആവശ്യമില്ലായിരുന്നു, കാര്യങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമാക്കാമായിരുന്നു. മാത്രമല്ല അടുത്ത തവണ നാല് സീറ്റ് സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്ത് മാറ്റി വെക്കുക എന്ന ആവശ്യമാണ് ഞാന്‍ മുന്നോട്ട് വെച്ചത്. എന്നെ ലാലേട്ടനും സിദ്ദീക്കയും വിളിച്ചിരുന്നു. അടുത്ത ജനറല്‍ ബോഡിയോട് കൂടി അങ്ങനെ നാല് സീറ്റ് മാറ്റിവെക്കുന്നതിന് തീരുമാനമെടുക്കാം എന്ന് ഉറപ്പും തന്നിട്ടുണ്ട്.
താരസംഘടന എന്ന പേരാണ് ബാധ്യത. കാരണം ഇതില്‍ താരങ്ങള്‍ വളരെ കുറച്ചെ ഉള്ളൂ. ബാക്കിയെല്ലാം അഭിനയം തൊഴിലാക്കി ഇറങ്ങി പുറപ്പെട്ടവരാണ്. ഞാന്‍ വിമതനൊന്നുമല്ല. കാരണം ഇവിടെ ഇത്രേം ആള്‍ക്കാരല്ലേ ഉള്ളൂ. ആളുകളുടെ താരമൂല്യം കൊണ്ട് ഇതിന് വാര്‍ത്താപ്രാധാന്യം ലഭിക്കുന്നു എന്നേ ഉള്ളൂ. അതിനപ്പുറം ഇതിന് വലിയ വാര്‍ത്താപ്രാധാന്യമില്ലല്ലോ.
ജനാധിപത്യത്തിന്റെ നിയമവും അമ്മയുടെ ബൈലോയും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉള്ള ഒരു വൈരുദ്ധ്യമുണ്ട്. പാലും വെള്ളവും നല്ലതാണ്, അത് കൂട്ടിച്ചേര്‍ത്താല്‍ മായമാണ് എന്നത് പറയുന്നത് പോലെ ഒരു സംഭവമാണിത്. അത് പരിഹരിക്കാന്‍ അടുത്ത തവണ സാധിക്കും എന്ന് വിശ്വസിക്കുന്നു,’ പിഷാരടി പറഞ്ഞു.