സിപിഎം വിട്ട മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു, ഒപ്പം മകനും; സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം:സിപിഎം വിട്ട മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു. ഒപ്പം മകനായ മിഥുൻ മുല്ലശേരിയും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടച്ച ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഇരുവർക്കും അംഗത്വം നല്‍കിയത്. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് അംഗത്വം നൽകിയ ശേഷം ബിജെപി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ബിപിൻ സി ബാബുവിനെതിരെ രണ്ടര വർഷം മുമ്പെടുത്ത ഗാർഹിക പീഡന കേസിൽ ആദ്യം പുറത്തേക്കേണ്ടത് രണ്ട് മന്ത്രിമാരെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്. മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാകൾക്കിടയിൽ ചർച്ചയാണ്. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ മധുവിനെ കാണാന്‍ വീട്ടിലെത്തി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ മധുവിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെയാണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്.

ഏരിയ സെക്രട്ടറി ആയിരിക്കെ തന്നെ ബിജെപിയുമായി മധു മുല്ലശ്ശേരി അടുത്തിരുന്നുവെന്ന വിവരം കിട്ടിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി വി.ജോയ് അറിയിച്ചിരുന്നു. .കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍,ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അടക്കമുള്ളവര്‍ മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News