ഭാര്യ മരിച്ചാൽ എത്രനാൾ കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കാം?ഓണ്‍ലൈന്‍ സെര്‍ച്ച് പണിയായി;യുവാവ് കൊലക്കുറ്റത്തിന് കുടുങ്ങി

വാഷിംഗ്‌ടൺ: യുഎസിൽ നേപ്പാൾ സ്വദേശിനിയുടെ തിരോധാനത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. മംമ്‌‌ത കാഫ്‌ലെ ഭട്ട് (28) എന്ന യുവതിയെയാണ് കഴിഞ്ഞ അഞ്ച് മാസമായി കാണാതായത്. മംമ്‌തയെ ഭർത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി മൃതശരീരം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. മംമ്‌തയെ കാണാതായതിന് ശേഷമുള്ള നരേഷിന്റെ ഗൂഗിൾ സേർച്ചുകളാണ് ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്താൻ കാരണമായത്.

കഴിഞ്ഞ ജൂലായ് 29നാണ് മംമ്‌തയെ അവസാനമായി കണ്ടത്. ജോലിക്കെത്താതിരുന്നതോടെ ഓഗസ്റ്റ് അഞ്ചിനാണ് മിസിംഗ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് അധികൃതർ അന്വേഷിച്ചെത്തിയപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ നരേഷ് പൊലീസിനോട് പറഞ്ഞത്.

‘ഭാര്യ മരിച്ചതിനുശേഷം എത്രനാൾ കഴിഞ്ഞ് വിവാഹം കഴിക്കാം’, ‘ഭാര്യ മരിച്ചാൽ കടങ്ങൾ എന്തുചെയ്യും’, ‘വിർജീനിയയിൽ ഭാര്യയെ കാണാതായാൽ എന്താണ് സംഭവിക്കുക’ എന്നിങ്ങനെയുള്ള കാര്യങ്ങൾ കഴിഞ്ഞ ഏപ്രിലിൽ നരേഷ് ഗൂഗിളിൽ സേർച്ച് ചെയ്തതായി പൊലീസ് പറയുന്നു. ഇയാൾ പ്രാദേശിക വാൾമാർട്ടിൽ നിന്ന് മൂന്ന് കത്തി, ശൂചീകരണ വസ്തുക്കൾ എന്നിവ വാങ്ങിയതായും പൊലീസിന് തെളിവ് ലഭിച്ചു.

നരേഷിന്റെ താമസസ്ഥലത്തുനിന്ന് ഭാര്യയുടെ രക്തത്തിന്റെ ഡിഎൻഎ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്ന പരാതി നൽകാൻ വൈകിയതും പൊലീസിന് നരേഷിനെതിരായി സംശയം ജനിപ്പിച്ചു. മംമ്‌തയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22ന് നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്‌തംബറിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിപ്പോയി. മംമ്‌തയുടെ മൃതശരീരം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, മംമ്‌ത മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നുമാണ് നരേഷിന്റെ അഭിഭാഷകൻ വാദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News