ചെന്നൈ: അവസാന പന്ത് വരെ ആവേശം നിലനിര്‍ത്തിയ മത്സരത്തില്‍ എം.എസ്.ധോണിയെ പിടിച്ചുകെട്ടി സഞ്ജുവിന്റെ രാജസ്ഥാന് ഉജ്ജ്വല വിജയം. എം.എസ്.ധോണി ഒരിക്കല്‍ കൂടി തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിങിലൂടെ എം.എം.ചിദംബരം സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പടയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന നിമിഷം കൈവിട്ടു.
ചെന്നൈക്കെതിരെ രാജസ്ഥാന് മൂന്ന് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ ചെന്നൈക്ക് 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. എം.എസ്.ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കെ സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ആദ്യം തന്നെ രണ്ടു വൈഡുകള്‍. ആദ്യ പന്തില്‍ റണ്ണുകളൊന്നും പിറന്നില്ല. അടുത്ത രണ്ട് പന്തുകളും ധോണിയുടെ കിടിലന്‍ സിക്‌സറുകള്‍. പിന്നീട് മൂന്ന് പന്തില്‍ ഏഴ് റണ്‍ മാത്രം മതിയായിരുന്നെങ്കിലും മൂന്ന് സിംഗിളുകള്‍ നേടാനെ ധോണിക്കും ജഡേജയ്ക്കും സാധിച്ചുള്ളൂ.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് യശസ്വി ജയ്സ്വാളിനെ (എട്ട് പന്തില്‍ പത്ത്) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീടെത്തിയ ദേവ്തത്ത് പടിക്കല്‍ ബട്ട്‌ലര്‍ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചു. 26 പന്തില്‍ 38 റണ്‍ അടിച്ച പടിക്കല്‍ പുറത്തായതിന് ശേഷമെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാം തവണയും പൂജ്യത്തിന് മടങ്ങി.
ബട്‌ലര്‍ 36 പന്തില്‍ 52 റണ്‍സടിച്ച് രാജസ്ഥാന്റെ ടോപ് സ്‌കോററായപ്പോള്‍ 22 പന്തില്‍ അശ്വിന്‍ നേടിയ 30 റണ്‍സും 18 പന്തില്‍ നിന്ന് ഷിംറോണ്‍ ഹെറ്റ്മയര്‍ നേടിയ 30 ഉം രാജസ്ഥാന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. മറുപടി ബാറ്റിങില്‍ ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ അര്‍ദ്ധ സെഞ്ചുറി നേടി (38 പന്തില്‍ 50), 19 പന്തില്‍ നിന്ന് അജിങ്ക്യ രഹാനെ 31 റണ്‍സടിച്ചു. 17 പന്തില്‍ നിന്ന് 32 റണ്‍ നേടിയ ധോണിയും 15 പന്തില്‍ നിന്ന് 25 റണ്‍ നേടിയ ജഡേജയും പുറത്താകാതെ നിന്നു.