CricketKeralaNewsSports

ധോണിയെ തകർത്ത സഞ്ജു മാജിക്ക്,ചൂതാട്ടമല്ല; അങ്ങനെ ചെയ്തതിന് പിന്നിൽ ചില കാരണങ്ങളുണ്ട്

ചെന്നൈ:ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ 2023 ലെ ത്രില്ലർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ രാജസ്ഥാൻ റോയൽസ് 3 റൺസിന് വീഴ്ത്തിയിരിക്കുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട കളിയിലാണ് രാജസ്ഥാൻ ത്രസിപ്പിക്കുന്ന ജയം നേടിയത്.

ഈ ജയം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും അവരെ എത്തിച്ചു. എന്നാൽ അനായാസം ജയം നേടുമെന്ന് തോന്നിപ്പിച്ചതിന് ശേഷമായിരുന്നു ജയത്തിനായി കഷ്ടപ്പെടേണ്ട അവസ്ഥയിലേക്ക് രാജസ്ഥാൻ എത്തിയത്. ഇതിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ എടുത്ത ചില തീരുമാനങ്ങളാണ്. എന്നാൽ സഞ്ജുവിന്റെ തീരുമാനങ്ങൾ കൃത്യമായിരുന്നുവെന്നാണ് കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത്.

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറുകളിൽ 175/8 എന്ന മികച്ച സ്കോർ നേടി. മറുപടി ബാറ്റിംഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് 17 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്ത് നിൽക്കുന്നു.

അവസാന 3 ഓവറുകളിൽ 54 റൺസാണ് അവർക്ക് ജയിക്കാൻ വേണ്ടത്. നിർണായകമായ പതിനെട്ടാം ഓവർ ഓസ്ട്രേലിയൻ സ്പിന്നർ ആദം സാമ്പയ്ക്ക് നൽകാനാണ് സഞ്ജു തീരുമാനിച്ചത്. സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിവുള്ള ജഡേജയും ധോണിയും ക്രീസിൽ നിൽക്കുമ്പോളായിരുന്നു സഞ്ജുവിന്റെ ആ ചൂതാട്ടം.

പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. സാമ്പയെറിഞ്ഞ ഓവറിൽ ചെന്നൈ 14 റൺസ് സ്കോർ ചെയ്തു. നഷ്ടപ്പെട്ട മൊമന്റവും അവർക്ക് തിരിച്ചു കിട്ടി. ആത്മവിശ്വാസം അല്പം കുറവായിരുന്ന ചെന്നൈയ്ക്ക് അത് വീണ്ടെടുക്കാൻ സഹായകമായ ഓവർ. ആദ്യ 2 ഓവറുകളിൽ 8 റൺസ് മാത്രം വഴങ്ങിയ കുൽദീപ് സെന് 2 ഓവറുകൾ ബാക്കിയുള്ളപ്പോളായിരുന്നു സഞ്ജുവിന്റെ ഈ നീക്കം.

ഇത് സഞ്ജുവിന്റെ പിഴച്ചു പോയ ഒരു തീരുമാനമാണെന്ന് വേണമെങ്കിൽ പറയാം. എന്നിരുന്നാൽപ്പോലും അത്രയും സമയം സ്പിന്നർമാർ നല്ല രീതിയിൽ കളിയിൽ പന്തെറിയുന്നുണ്ടായിരുന്നുവെന്നത് മറന്നു കൂടാ.

21 റൺസായിരുന്നു അവസാന ഓവറിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഈ ഓവർ കുൽദീപ് സെൻ എറിയുമെന്ന് എല്ലാവരും കരുതിയെങ്കിലും സഞ്ജു ചിന്തിച്ചത് മറ്റൊന്നായിരുന്നു‌‌. മികച്ച ഫോമിലുള്ള കുൽദീപിന് പന്ത് നൽകുന്നതിന് പകരം സന്ദീപ് ശർമ്മയുടെ പരിചയസമ്പത്തിൽ വിശ്വസിക്കാൻ റോയൽസ് ക്യാപ്റ്റൻ തീരുമാനിച്ചു. ഇതും സഞ്ജുവിനെതിരെ ആരാധകർ തിരിയാൻ കാരണമായി.

സമ്മർദ്ദത്തിൽ കളി മറന്ന‌ സന്ദീപ് ആദ്യ മൂന്ന് പന്തുകളിൽത്തന്നെ 14 റൺസ് വിട്ടു കൊടുത്തതോടെ അദ്ദേഹത്തിന് അവസാന ഓവർ നൽകാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ എല്ലാവരും തള്ളിപ്പറ‌ഞ്ഞു. എന്നാൽ അവസാന 3 പന്തുകളിൽ സന്ദീപ് ശർമ്മ തിരിച്ചു വന്ന് രാജസ്ഥാന് 3 റൺസിന്റെ ജയം നേടിക്കൊടുത്തു. സന്ദീപിലെ പരിചയസമ്പത്തിനെ വിശ്വസിച്ച സഞ്ജുവെന്ന നായകന്റെ വിജയം.

കുൽദീപ്‌സെൻ ഉണ്ടായിരുന്നിട്ടും സന്ദീപ് ശർമ്മയെ സഞ്ജു അവസാന ഓവർ ഏൽപ്പിച്ചത് വെറുതെ ആയിരുന്നില്ല. എന്തെന്നാൽ അവസാന 5 വർഷത്തിനിടെ ഡെത്ത് ഓവറിൽ സന്ദീപിനേക്കാൾ മികച്ച റെക്കോർഡ് ഇന്ത്യൻ പേസർമാരിൽ 4 പേർക്ക് മാത്രമേ ഉള്ളൂ. ഡെത്തിൽ മനസാന്നിധ്യം കൈവിടാതെ പന്തെറിയാനുള്ള സന്ദീപിന്റെ ഈ കരുത്ത് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയായിരുന്നു സഞ്ജു സന്ദീപിന് പന്ത് നൽകിയത്.

പലപ്പോളും മികച്ച ഫോമിൽ നിൽക്കുന്ന യുവ ബോളർമാർക്കും അവസാന ഓവറുകളിൽ സമ്മർദ്ദത്തിൽ അടിപതറാറുണ്ട്. ഇതും സന്ദീപിന് ഓവർ നൽകാനുള്ള സഞ്ജുവിന്റെ തീരുമാനത്തിന് കാരണങ്ങളിലൊന്നായി. അത് കൊ‌ണ്ടു തന്നെ ഇത് സഞ്ജുവിന്റെ ക്യാപ്റ്റൻസിക്കും കൂടി അവകാശപ്പെട്ട വിജയമാണെന്ന് പറയാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker