25.5 C
Kottayam
Monday, May 20, 2024

ബട്‌ലർ ‘ചാമ്പി’ (61 പന്തിൽ 103)!; കൊൽക്കത്തയ്‌ക്കെതിരെ രാജസ്ഥാന് കൂറ്റൻ സ്കോർ

Must read

മുംബൈ:ജോസ് ബട്‌ലർ ഒരിക്കൽ കൂടി സെഞ്ചുറിയുമായി കത്തിക്കയറിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനു കൂറ്റൻ സ്കോർ. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു.

2008ൽ ഇതേദിനത്തിൽ, ബെംഗളൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎലിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണർ ബ്രണ്ടൻ മക്കല്ലവും സെഞ്ചുറി (73 പന്തിൽ 158*) നേടിയിരുന്നു. മക്കല്ലത്തിന്റെ സെഞ്ചുറിക്കരുത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 222 റൺസാണ് അടിച്ചെടുത്തത്. ചരിത്രത്തിന്റെ ആ തനിയാവർത്തനം പോലെ ഇന്നു മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ സെഞ്ചുറിയുമായി തിളങ്ങിയത് രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‌ലർ. 61 പന്തിൽ അഞ്ച് സിക്സറുകളുടെയും ഒൻപത് ഫോറുകളുടെയും അകമ്പടിയോടെയാണ് ബട്‌ലർ 103 റൺസെടുത്തത്.

ഐപിഎൽ സീസണിൽ ബട്‌ലറുടെ രണ്ടാം സെഞ്ചുറി നേട്ടമാണ് ഇത്. മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു ആദ്യ സെ‍ഞ്ചുറി. ഇന്ന്, ഒന്നാം വിക്കറ്റിൽ ബട്‌ലറും ദേവ്‌ദത്ത് പടിക്കലും (18 പന്തിൽ 24) ചേർന്ന് 97 റൺസാണ് എടുത്തത്. 10 ഓവറിൽ സുനിൽ നരെയ്‌നാണ് പടിക്കലിനെ പുറത്താക്കിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ സഞ്‍‍ജു സാംസൺ ഉറച്ച പിന്തുണയാണ് ബട്‌ലർക്കു നൽകിയത്. 19 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറും സഹിതം 38 റൺസെടുത്ത സാംസണെ 16–ാം ഓവറിൽ ആന്ദ്രെ റസ്സൽ ശിവം മാവിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അടുത്ത രണ്ട് ഓവറുകളിൽ ‌സെഞ്ചുറി തികച്ച ബട്‌ലറെയും പിഞ്ച് ഹിറ്റർ റിയാൻ പരാഗിനെയും (മൂന്നു പന്തിൽ അഞ്ച്) രാജസ്ഥാനു നഷ്ടമായി.
ബൗണ്ടറി ലൈനിൽ, പാറ്റ് കമ്മിൻസും ശിവം മാവിയും ചേർന്നു നടത്തിയ കിടിലൻ ഫീൽഡിങ്ങിലൂടെയാണ് പരാഗ് പുറത്തായത്. 19–ാം ഓവറിൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കരുൺ നായരെയും (അഞ്ച് പന്തിൽ മൂന്ന്) നഷ്ടമായി. അവസാന ഓവറിൽ ഷിമ്രോൺ ഹെറ്റ്മെയർ (13 പന്തിൽ 26*) രണ്ടു സിക്സും ഒരു ഫോറും നേടി.

ആർ. അശ്വിൻ (2 പന്തിൽ 2*) പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ രണ്ടും ശിവം മാവി, പാറ്റ് കമ്മിൻസ്, ആന്ദ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേസ്സ് അയ്യർ രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇറങ്ങിയത്. പരുക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ട്രെന്റ് ബോൾട്ട് തിരിച്ചെത്തി. കരുൺ നായർ, ഒബെദ് മക്കോയ് എന്നിവരും പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.

പോയിന്റ് പട്ടികയിൽ യഥാക്രമം അഞ്ചും ആറും സ്ഥാനത്താണ് രാജസ്ഥാനും കൊൽക്കത്തയും. ഇരു ടീമുകൾക്കും ആറു പോയിന്റ് വീതം. അഞ്ച് മത്സരങ്ങളിൽനിന്ന് മൂന്നു ജയവും രണ്ടു തോൽവിയുമാണ് ഇതുവരെ രാജസ്ഥാന്റെ സമ്പാദ്യം. കൊൽക്കത്തയാകട്ടെ ആറു മത്സരത്തിൽ മൂന്നെണ്ണം വിജയിക്കുകയും മൂന്നെണ്ണം തോൽക്കുകയും ചെയ്തു.

പ്ലേയിങ് ഇലവൻ:

രാജസ്ഥാൻ: ജോസ് ബട്‌ലർ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ, കരുൺ നായർ, ഷിമ്രാൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, റിയാൻ പരാഗ്, ട്രെന്റ് ബോൾട്ട്, ഒബെദ് മക്കോയ്, പ്രസീദ് കൃഷ്ണ, യുസ്‌വേന്ദ്ര ചെഹൽ

2008ൽ ഇതേദിനത്തിലായിരുന്നു ഐപിഎലിലെ ആദ്യ മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏറ്റുമുട്ടിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും. ഓപ്പണർ ബ്രണ്ടൻ മക്കല്ലത്തിന്റെ തകർപ്പൻ സെഞ്ചുറിക്കരുത്തിൽ (73 പന്തിൽ 158*) 222 റൺസെടുത്ത കൊൽക്കത്ത, 140 റൺസിനാണ് മത്സരം വിജയിച്ചത്. രണ്ടാമത് ബാറ്റു ചെയ്ത ആർസിബി 82 റൺസിന് ഓൾ ഔട്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week