FeaturedFootballHome-bannerKeralaNewsSports

സന്തോഷ് ട്രോഫി: കേരളത്തിന് രണ്ടാം ജയം, ബംഗാളിനെ തകർത്തത് രണ്ട് ഗോളിന്

മലപ്പുറം: കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ കുതിപ്പ്. ബംഗാള്‍ ഒരുക്കിയ കരുത്തുറ്റപ്രതിരോധത്തെ മറികടന്ന് രണ്ടാം പകുതിയില്‍ നൗഫലും ജെസിനും നേടിയ ഗോളുകളോടെയാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരളത്തിന് ആവേശ ജയം സമ്മാനിച്ചത്. 84-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ചാണ് നൗഫല്‍ വലയെ ചുംബിച്ച ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് പകരക്കാരനായി എത്തിയ ജെസിന്‍ കനത്ത ബംഗാള്‍ ആക്രമണങ്ങള്‍ക്കിടെ
കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

യോഗ്യത റൗണ്ടില്‍ ഇരട്ട മഞ്ഞകാര്‍ഡ് ലഭിച്ചതിനാല്‍ ഫൈനല്‍ റൗണ്ട് മത്സരത്തില്‍ ആദ്യ മത്സരം നഷ്ടപ്പെട്ട ഷിഗിലിനെ ആദ്യ ഇലവനില്‍ ഉല്‍പ്പെടുത്തിയാണ് കേരളം വെസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓഫ്‌സൈഡ് വില്ലനായി. 11-ാം മിനുട്ടില്‍ കേരളത്തിനാണ് ആദ്യ അവസരം ലഭിച്ചത്. മധ്യനിരയില്‍ നിന്ന് ബോളുമായി എത്തിയ വിക്‌നേഷ് ബോക്‌സിലേക്ക് നീട്ടിനല്‍ക്കിയ പാസ് ഷിഗിലിന് ലഭിച്ചു. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി ക്രോസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ പ്രതിരോധം സമര്‍ത്ഥമായി ആ നീക്കത്തെ പ്രതിരോധിച്ചു.

തുടര്‍ന്ന് തൊട്ടടുത്ത മിനിറ്റില്‍ കേരളത്തിന് ലഭിച്ച കോര്‍ണറില്‍ മുഹമ്മദ് ഷഹീഫ് ഹെഡറിന് ശ്രമിച്ചെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 19-ാം മിനിറ്റിലാണ് ബംഗാളിന് ആദ്യ അവസരവുമായി കേരള ഗോള്‍ മുഖത്ത് ഇരച്ചെത്തിയത്. പഞ്ചാബിനെതിരെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയ സ്‌ട്രൈക്കര്‍ ശുഭം ഭൗമിക് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 22-ാം മിനുട്ടില്‍ കേരളാ ഗോള്‍ കീപ്പര്‍ വി മിഥുന്‍ നല്‍ക്കിയ പാസില്‍ വരുത്തിയ പിഴവില്‍ നിന്ന് ബംഗാള്‍ മധ്യനിരതാരം സജല്‍ ഭാഗിന് സുവര്‍ണാവസരം ലഭിച്ചു.

ഗോള്‍ കീപ്പറുടെ മുകളിലൂടെ പോസ്റ്റിലൂടെ അടിക്കാന്‍ ശ്രമിച്ചെങ്കിലും കിക്ക് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയതോടെ സ്റ്റേഡിയം നിറഞ്ഞ കാണികള്‍ക്ക് ജീവശ്വാസം ലഭിച്ചു. 25-ാം മിനുട്ടില്‍ കേരള താരം വിക്‌നേഷ് ബംഗാള്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോളായില്ല. ആദ്യ പകുതിയുടെ അധികസമയത്ത് കേരള ക്യാപ്റ്റന്‍ ജിജോ ജോസഫ് ബോക്‌സിന് പുറത്തുനിന്ന് ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തന്നെ കടുത്ത ആക്രമണം അഴിച്ച് വിട്ട കേരളത്തിന് മിനിറ്റുകള്‍ ഇടവിട്ട് അവസരങ്ങള്‍ ലഭിച്ചു. 48 ാം മിനുട്ടില്‍ ബംഗാള്‍ പ്രതിരോധ താരം ഗോള്‍ കീപ്പറിന് നല്‍കിയ പാസ് തട്ടിയെടുത്ത ഷിഗില്‍ വിക്‌നേഷിന് നല്‍ക്കി. വിക്‌നേഷ് ഗോള്‍വല ലക്ഷ്യമാക്കി ചിപ്പ് ചെയ്‌തെങ്കിലും ബംഗാള്‍ ഗോള്‍ കീപ്പര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീടും ബംഗാള്‍ ബോക്‌സിലേക്ക് ആക്രമണം അഴിച്ചുവിട്ട കേരളത്തിന് തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.

68 ാം മിനുട്ടില്‍ ഷിഗിലിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുത്ത അര്‍ജ്ജുന്‍ ജയരാജ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടി അകറ്റി. തുടര്‍ന്ന് ബോക്‌സിന് അകത്തുനിന്ന് ലഭിച്ച പന്തും കേരളത്തിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 71 ാം മിനുട്ടില്‍ വിക്‌നേഷിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചെങ്കിലും അവസരം കളഞ്ഞുകുളിച്ചു. 78 ാം മിനുട്ടില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫല്‍ ബംഗാള്‍ പ്രതിരോധ താരങ്ങളെ മറിക്കടന്ന് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് അതിമനോഹരമായി തട്ടിയകറ്റി. 84 ാം മിനുട്ടില്‍ കേരളം ലക്ഷ്യം കണ്ടു.

വലതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ജെസിന്‍ നല്‍ക്കിയ പാസ് ഓടിയെടുത്ത ക്യാപ്റ്റന്‍ ജിജോ ജോസഫ് ബംഗാളിന്റെ ഗോള്‍ പാസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലിന് നല്‍ക്കി. ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ച് നൗഫല്‍ കേരളത്തിന് ലീഡ് നല്‍കി.

90 ാം മിനുട്ടില്‍ ബംഗാളിന് ലഭിച്ച ഫ്രീകിക്ക് കേരള ബോക്സില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ബംഗാള്‍ താരത്തിന്റെ ഗോളെന്ന് ഉറപ്പിച്ച ഹെഡര്‍ ഗോള്‍കീപ്പര്‍ മിഥുന്‍ അധിമനോഹരമായി തട്ടിഅകറ്റി. രണ്ടാം പകുതിയുടെ അധിക സമയത്ത് കേരളാ പ്രതിരോധ താരം മുഹമ്മദ് ഷഹീഫ് സ്വന്തം ഹാഫില്‍ നിന്ന് തുടക്കമിട്ട മുന്നേറ്റം വലതു വിങ്ങില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജെസിന് നല്‍ക്കി. ജെസിന്‍ അത് ഗോളാക്കി മാറ്റിയതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker