പത്തനംതിട്ട: മണിമലയാറിന്റെ കൈവഴി കരകവിഞ്ഞതോടെ പത്തനംതിട്ട തിരുവല്ലയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍. തിരുവല്ല കുറ്റൂര്‍ പഞ്ചായത്തിലെ വെണ്പാലയിലാണ് വീടുകള്‍ വെള്ളത്തിലായത്. 1500ഓളം വീടുകള്‍ വെള്ളത്തിലാണ്. കുറ്റൂര്‍ പഞ്ചായത്തില്‍ 2018ലെ പ്രളയത്തെ അനുസ്മരിപ്പിച്ച് കന്നുകാലികളെ പാലത്തിന് മുകളില്‍ കെട്ടി. തൊഴുത്തുകള്‍ വെള്ളത്തിനടിയില്‍ ആയതോടെയാണ് ക്ഷീരകര്‍ഷകര്‍ കന്നുകാലികളെ പാലത്തിനു മുകളില്‍ എത്തിച്ചത്.
നല്ലൂര് സ്ഥാനം കോളനിയിലെ മുഴുവന്‍ വീടുകളും വെള്ളത്തിലാണ്. രാവിലെയാണ് വെള്ളം ഉയര്‍ന്നത്. മഴ മാറി നില്ക്കുന്നുവെങ്കിലും ജലനിരപ്പ് ഉയര്‍ന്നു തന്നെയാണ്. മണിമലയാര്‍ നിറഞ്ഞു കവിഞ്ഞു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ എംസി റോഡില്‍ ഗതാഗത തടസ്സം നേരിട്ടു.
ഇരുചക്ര വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ല. ചെങ്ങന്നൂരിനും തിരുവല്ലക്കും ഇടയിലാണ് വെള്ളക്കെട്ട്. തിരുമൂലപുരത്ത് നിരവധി ഇരുചക്ര വാഹനയാത്രികരാണ് കുടുങ്ങിക്കിടക്കുന്നത്.
മഴ ശക്തമായതോടെ സംസ്ഥാനത്തുടനീളം കാലവര്‍ഷക്കെടുതികളും വ്യാപകമാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്. സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്ത് ഇതിനകം 50 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
മലയോര മേഖലയിലും തീരമേഖലയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകളിലും ഇന്ന് അവധിയില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
പത്തനംതിട്ട കണ്ട്രോള് റൂം : 0468-2322515, 9188297112