31.1 C
Kottayam
Friday, May 3, 2024

അതിതീവ്ര മഴ, ഒപ്പം കാറ്റ്; മുന്നറിയിപ്പിൽ മാറ്റം 2 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തീര ദിശയിൽ നിന്നുള്ള മഴ മേഘങ്ങൾ ശക്തമായി നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.

കണ്ണൂർ പെരിങ്ങോം, കാസർകോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴയാണ് പെയ്തത്. 228 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. വടക്കൻ കേരളത്തിൽ തീരദേശ മേഖലകളിലും കനത്ത ജാഗ്രത വേണമെന്നാണ് നിർദേശം. സംസ്ഥാനത്തെ തീരദേശ മേഖലയിലാകെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുയരാൻ സാധ്യതയുണ്ട്. മധ്യ കേരളത്തിലും മഴ സാധ്യതയുണ്ട്. അതേസമയം തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു.  

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം കൂടി. തിരുവനന്തപുരത്ത് ആര്യനാട്  കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയിൽ  വീടിനു മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽ കാൽ വഴുതിവീണ് ഗൃഹനാഥൻ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്.  

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയിൽ ഇന്നലെ കാണാതായ രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. അപ്പർകുട്ടനാട്ടിലും എറണാകുളത്തും നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.

കാലവർഷത്തിൽ  ഭാഗികമായി  തകർന്ന വീടുകളുടെ എണ്ണം 150 ആയി. വിവിധ ജില്ലകളിൽ ആയി 651  കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം  ജില്ലകളിൽ ചില  താഴ്ന്ന പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week