തിരുവനന്തപുരം: സംസ്ഥാനത്ത് കാത്തിരിപ്പിനൊടുവില്‍ കലിതുള്ളിയെത്തിയ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് ആയിരിക്കും. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ നാലുപേരെ കാണാതായി. അതേസമയം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര ( മണിക്കൂറില്‍ 204 എം.എമ്മില്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നിവയാണ് ‘റെഡ്’ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കും.
കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്‌നാന്‍(17) കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ (54) മരിച്ചു.
കോട്ടയം കിടങ്ങൂര്‍ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം കാറ്റില്‍പ്പെട്ടുതകര്‍ന്ന് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്ച മീന്‍പിടിക്കാന്‍ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല.