24.9 C
Kottayam
Wednesday, May 15, 2024

ഇനി കണ്ണുവെട്ടിച്ച് ഫോട്ടോഷൂട്ട് വേണ്ട, സേവ് ദ ഡേറ്റ് ഷൂട്ടിന് അനുമതിയുമായി റെയില്‍വേ

Must read

പാലക്കാട്: ഇനി അധികൃതരുടെ കണ്ണുവെട്ടിച്ച് ട്രയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമിലും ഫോട്ടോ ഷൂട്ട് നടത്തേണ്ട. സേവ് ദ ഡേറ്റ് മുതൽ ഏത് ഷൂട്ടിനും റെയിൽവേ തന്നെ അവസരമൊരുക്കുന്നു. പാലക്കാട് റെയിൽവേ ഡിവിഷനാണ് ഇതിന് ആദ്യമായി മുൻകയ്യെടുക്കുന്നത്. നിശ്ചിത ഫീസ് ഈടാക്കിയാണ് ഫോട്ടോ ഷൂട്ടിന് അനുമതി നല്‍കുക.റെയിൽവേ സ്റ്റേഷനുകളിലും തീവണ്ടികളിലും റെയിൽവേയുടെ അധീനതയിലുള്ള മറ്റു സ്ഥലങ്ങളിലും ഫോട്ടോ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിബന്ധനകളോടെ റെയിൽവേ അനുമതി നൽകി 

വിവാഹ സംബന്ധിയായ ഫോട്ടോ ഷൂട്ടുകള്‍ക്കും മറ്റ് പരസ്യ ഫോട്ടോ ഷൂട്ടുകള്‍ക്കും ദിവസം 5000 രൂപയാണ് ഫീസ് ഈടാക്കുക. വിവിധ അക്കാദമിക ആവശ്യങ്ങള്‍ക്കായുള്ള ഫോട്ടോ ഷൂട്ടിന് 2500 രൂപയും വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3500 രൂപയുമാണ് ഈടാക്കുക. ഓടുന്ന ട്രെയിനിലും സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനും ഇത്തരത്തില്‍ ഫോട്ടോ ഷൂട്ടിനായി ലഭ്യമാകും. ട്രെയിന്‍ അടക്കമുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് 1500 രൂപയാണ് ഫീസ്, ഇവിടെയും സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെ ലക്ഷ്യം അക്കാദമിക് ആണെങ്കില്‍  ഫീസ് 750 രൂപയാണ്. വ്യക്തിഗത സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് 1000 രൂപയാണ് ഫീസ്. 

ഫോട്ടോ ഷൂട്ടിനുള്ള അപേക്ഷകള്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് ഏഴ് ദിവസം മുന്‍പ് അപേക്ഷ നല്‍കണം. റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും ഷന്‍റിംഗിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളില്‍ ഫോട്ടോ ഷൂട്ട് അനുവദിക്കില്ല. എന്നാല്‍ റെയിൽവേ വർക്ക്ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാർഡ്, ഗുഡ്സ് യാർഡ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫിക്ക് അനുമതിയില്ല. ട്രെയിനിന് മുകളില്‍ കയറി നിന്നോ ഫുട്ബോര്‍ഡിലോ കയറി നിന്നുള്ള ഫോട്ടോഷൂട്ടിനും അനുമതിയുണ്ടാവില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ഫോട്ടോ ഷൂട്ടിനെത്തുന്നവര്‍ പാലിക്കണം. ഫോട്ടോഷൂട്ടിന് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉണ്ടാവുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week