ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് പിടി വിട്ട് താഴേക്ക് ; ഞെട്ടിയ്ക്കുന്ന വീഡിയോ പുറത്ത്

പനാജി : ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് പിടി വിട്ട് താഴേക്ക് വീഴുന്ന ഞെട്ടിയ്ക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ഗോവ വാസ്‌കോഡഗാമ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. പിടി വിട്ട് താഴേക്ക് വീണ യുവാവിന് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ സഹായവുമായി എത്തുകയായിരുന്നു.

ഹെഡ് കോണ്‍സ്റ്റബിള്‍ കെ.എം പട്ടീലാണ് യുവാവിന്റെ സഹായത്തിനായി എത്തിയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവ് കാലുതെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലെ വിടവിലേക്ക് വീഴുന്നതും സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടി വന്ന് ഇയാളെ വലിച്ചു കയറ്റുന്നതും വീഡിയോയില്‍ കാണാം.

അപകടത്തില്‍പ്പെട്ട യുവാവിന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സമയോചിതമായി പ്രവര്‍ത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ നിരവധി പേരാണ് പ്രശംസിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News