FeaturedHome-bannerNews

റെയിൽ ഗതാഗതം പുനരാരംഭിയ്ക്കുന്നു, റിസർവേഷൻ 11 മുതൽ, വിശദാംശങ്ങൾ ഇങ്ങനെ

ഡൽഹി:തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിക്കുന്നത്. ദില്ലിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സര്‍വീസുകളാണ് മറ്റന്നാള്‍ മുതല്‍ തുടങ്ങുന്നത്.

ഈ സര്‍വീസുകളിലേക്ക് ഓണ്‍ലൈന്‍ വഴി നാളെ വൈകിട്ട് നാല് മണി മുതല്‍ ബുക്കിംഗ് തുടങ്ങും. ഓണ്‍ലൈന്‍ വഴി മാത്രമേ ഈ തീവണ്ടി സര്‍വീസുകള്‍ക്ക് ബുക്കിംഗുണ്ടാകൂ എന്നും റെയില്‍വേ അറിയിച്ചു.
സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാന്‍ ആരും സ്റ്റേഷനുകളില്‍ വരരുതെന്നും റെയില്‍വേ അറിയിക്കുന്നു.

അതിഥിത്തൊഴിലാളികള്‍ക്കായി ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുന്നത്. https://www.irctc.co.in/ എന്ന വെബ്സൈറ്റ് വഴി തന്നെയാകും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക. 15 തീവണ്ടികളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാകുക എന്ന് റെയില്‍വേ അറിയിച്ചു. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്ന, ബിലാസ്പൂ‍ര്‍, റാഞ്ചി, ഭുബനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാകും ട്രെയിന്‍ സ‍ര്‍വീസുകള്‍.

ഇതിന് ശേഷവും ലഭ്യമായ കോച്ചുകള്‍ ഉപയോഗിച്ച്‌ കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ തുടങ്ങുമെന്നും കേന്ദ്രറെയില്‍വേ മന്ത്രാലയം പറയുന്നു. നിലവില്‍ 20,000 കോച്ചുകളെ കൊവിഡ് കെയര്‍ സെന്‍ററുകളാക്കി മാറ്റിയിരിക്കുകയാണ് റെയില്‍വേ. മാത്രമല്ല, 300 തീവണ്ടികള്‍ ശ്രമിക് സ്പെഷ്യല്‍ തീവണ്ടികളാണ്. ഇവ അതിഥിത്തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ റെയില്‍വേ സ്റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച്‌ കടത്തിവിടൂ. എല്ലാ യാത്രക്കാരും മുഖത്ത് മാസ്കുകള്‍ ധരിക്കണമെന്ന് നി‍ര്‍ബന്ധമാണ്. യാത്ര തുടങ്ങുന്ന ഇടത്ത് കൃത്യമായ പരിശോധനകളുണ്ടാകും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

ഏതൊക്കെ തീവണ്ടികള്‍ എന്ന് യാത്ര തുടങ്ങുമെന്നതില്‍ വിശദമായ വാര്‍ത്താക്കുറിപ്പ് പിന്നീട് ഇറക്കുമെന്നും റെയില്‍വേ അറിയിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ണായകതീരുമാനമാണ് റെയില്‍വേ സ്വീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker