കോട്ടയം: കോട്ടയത്ത് നിന്ന് പുലർച്ചെ 06:25 നുള്ള 06444 കൊല്ലം – എറണാകുളം മെമു കടന്നുപോയാൽ പാലരുവി എക്സ്പ്രസ്സ് മാത്രമാണ് നിലവിൽ എറണാകുളത്ത് ഓഫീസ് സമയം പാലിക്കാനുള്ള ഏക ആശ്രയം. അതുകൊണ്ട് തന്നെ പാലരുവിയിൽ കാലെടുത്തുവെയ്ക്കാൻ പോലും പറ്റാത്ത തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
പിന്നീടെത്തുന്ന വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷൻ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. ഈ സാഹചര്യത്തിൽ പാലരുവിയ്ക്കും വേണാടിനും ഇടയിൽ കൊല്ലത്ത് നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനിൽ 09.10 ന് എത്തുന്ന വിധം ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെ സ്റ്റോപ്പുകളുള്ള ഒരു മെമു സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ജംഗ്ഷനിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി.
കോവിഡിന്റെ പേരിൽ റെയിൽവേ റദ്ദാക്കിയ ആനുകൂല്യങ്ങളും പാസഞ്ചർ നിരക്കും പുനസ്ഥാപിക്കാത്തത് വഞ്ചനയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. കെ.ജെ പോൾ മാൻവെട്ടം ആരോപിച്ചു.പ്രതിഷേധ സംഗമത്തിൽ ഉയർന്നുവന്ന മറ്റുപ്രധാന ആവശ്യങ്ങൾ
▪️16302 വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷനിൽ 09.35 എത്തുന്ന വിധം സമയം ചിട്ടപ്പെടുത്തുക. തിരുവനന്തപുരത്ത് നിന്ന് വേണാട് പഴയപോലെ 05.05 ന് പുറപ്പെടുന്ന വിധം ക്രമീകരിക്കുക.
▪️16792 പാലരുവി, 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സുകൾ ഇരട്ടപാതയ്‌ക്ക് മുമ്പ് ഉണ്ടായിരുന്ന സമയക്രമത്തിലേയ്ക്ക് പുന:ക്രമീകരിക്കുക. നിലവിലെ സമയം കച്ചവടക്കാർക്കും ഓഫീസ് ജീവനക്കാർക്കും അനുകൂലമല്ല.
▪️ കോവിഡിൽ നിർത്തലാക്കിയ എല്ലാ സ്റ്റോപ്പുകളും പുനസ്ഥാപിക്കുക. 16325/26 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സിന് കാഞ്ഞിരമറ്റം സ്റ്റോപ്പ് അടിയന്തിരമായി പരിഗണിക്കുക.
▪️06444 കൊല്ലം- എറണാകുളം മെമുവിന്റെ എറണാകുളം ജംഗ്ഷൻ ഔട്ടറിലെ കാത്തുകിടപ്പ് അവസാനിപ്പിക്കുക. ആശാസ്ത്രീയമായ സമയപരിഷ്കരണം മൂലം അരമണിക്കൂറിലധികം ജംഗ്ഷൻ ഔട്ടറിൽ മെമു ദിവസവും സിഗ്നൽ കാത്തുകിടക്കുകയാണ്
▪️16309/10 കായംകുളം മെമു യാത്രക്കാർക്ക് അനുകൂലമാകുന്ന വിധത്തിൽ സമയക്രമീകരണം നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുക.
▪️കോവിഡിന് മുമ്പ് എറണാകുളം ജംഗ്ഷനിൽ രാത്രി 08.00 ന് അവസാനിച്ചിരുന്ന കായംകുളം – എറണാകുളം പാസഞ്ചർ പുന:സ്ഥാപിക്കുക.
▪️കാരയ്ക്കൽ – എറണാകുളം, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സുകൾ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കുക
▪️കേരളത്തിലെ എല്ലാ മെമു സർവീസുകളും റെഗുലർ സർവീസായി മാറ്റുക
▪️സമീപ ജില്ലകളെ ബന്ധിപ്പിച്ച് കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക.
▪️നവീകരിച്ച കോട്ടയം സ്റ്റേഷനിൽ നിന്ന് ബഹുദൂര സർവീസുകൾ ആരംഭിക്കുക.
പുലർച്ചെയുള്ള പാലരുവിയിലെ തിരക്ക് ശാരീരികവും മാനസികവുമായി യാത്രക്കാരെ തളർത്തുകയാണ്. തിരക്കുമൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ഇപ്പോൾ വാർത്തയല്ലാതായിരിക്കുന്നു. ഐ സി എഫ് കോച്ചിൽ നിന്ന് എൽ.എച്ച്. ബി കോച്ചിലേയ്ക്ക് മാറുമ്പോൾ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് റെയിൽവേ യാത്രാക്ലേശം ഇരട്ടിപ്പിക്കുകയാണ്.
കോവിഡിൽ ആനുകൂല്യങ്ങളും സ്റ്റോപ്പുകളും വെട്ടിക്കുറച്ച് റെയിൽവേ സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടത്തുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ റെയിൽവേ യാത്രക്കാരുടെ അവകാശങ്ങളെ ഇപ്പോഴും നിഷേധിക്കുകയാണ്.
ഇതിനെല്ലാമെതിരെ ശബ്ദമുയർത്താൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് ഓൾ കേരള റെയിൽവേ യൂസ്ഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. റെയിൽവേയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടായില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.