ന്യൂഡല്‍ഹി: മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോടതി വിധി വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ വരെ സാധ്യതയുണ്ട്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ രണ്ട് വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്.
സൂറത്തിലെ സിജെഎം കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുല്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കപ്പെടുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. സുപ്രീംകോടതി വിധി പ്രകാരവും, പ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് പ്രകാരവും രണ്ടോ അതില്‍ കൂടതല്‍ വര്‍ഷമോ ശിക്ഷ ലഭിച്ചാല്‍ അയോഗ്യനാക്കുമെന്നും പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്നും മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറഞ്ഞു.
1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 8(3) പ്രകാരം ഒരു പാര്‍ലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അവരുടെ എംപി സ്ഥാനം നഷ്ടമാകും. രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഏറെ നിര്‍ണായകമായിരിക്കും. സൂറത്ത് കോടതിയുടെ വിധി ഏതെങ്കിലും മേല്‍ക്കോടതി റദ്ദാക്കിയില്ലെങ്കില്‍ അടുത്ത എട്ട് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയും രാഹുല്‍ ഗാന്ധിക്ക് നഷ്ടമാകും.
സൂറത്ത് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം. ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അപ്പീല്‍ ഹൈക്കോടതിയിലും സ്വീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 499 പ്രകാരം മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷിക്കുന്നത് അപൂര്‍വമാണെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് രാഹുല്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. കേസില്‍ വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.