‘ചെക്ക് ബൗൺസായി, പിന്നീട് പ്രതിഫലം കിട്ടിയപ്പോൾ പണക്കാരനായെന്ന തോന്നൽ വന്നു, പേഴ്സ് വീർത്തിരുന്നു’; നാനി
കൊച്ചി:അടി, ഇടി, കത്തി തുടങ്ങിയവ ഹൈലൈറ്റ് ചെയ്ത് സിനിമകൾ ഒരുക്കുന്ന തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ഇപ്പോഴുള്ളതിൽ വെച്ച് ഏറ്റവും നല്ല ചിത്രങ്ങൾ ചെയ്യുന്ന നടന്മാരിൽ ഒരാളാണ് നാനി. നാനി എപ്പോഴും ഒരു മിനിമം ഗ്യാരന്റീ ഉള്ള നടനാണ്.
ആനയെ മസ്തിഷ്കത്തിൽ അടിച്ച് കൊല്ലാറില്ല… 100 പേരെ ഒരുമിച്ച് അടിച്ചു ഒതുക്കാറില്ല എന്നിവയാണ് തെലുങ്കിലെ മറ്റുള്ള നടന്മാരിൽ നിന്ന് ഇവരെ ചെറിയ രീതിയിലെങ്കിലും വ്യത്യസ്തരാക്കുന്നത്.
നാനിയുടെ പടങ്ങൾ കണ്ടിരിക്കാൻ രസമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്. അതുകൊണ്ട് തന്നെയാണ് നാച്വറൽ സ്റ്റാർ എന്ന പട്ടവും നാനിക്ക് ലഭിച്ചത്.
ജെന്റിൽമാൻ, നിന്നു കോരി, ജേഴ്സി, ശ്യം സിങ്ക റോയ്, ഗ്യാങ് ലീഡർ, ഈച്ച അടക്കമുള്ള നാനിയുടെ സിനിമകൾക്ക് ഏറെ ആരാധകരുണ്ട്. ചില സിനിമകൾ കാണുമ്പോൾ അതിലെ ചില കഥാപാത്രങ്ങൾ ഒറിജിനലാണോയെന്ന് തോന്നി പോകും.
ജേഴ്സി കണ്ടശേഷം സിനിമയിൽ നാനി അർജുൻ എന്ന കഥാപാത്രമായി പരകായ പ്രവേശം നടത്തിയത് പോലെയായിരുന്നുവെന്നും ഒരിക്കൽ പോലും നാനി എന്ന സ്റ്റാറിനെ സ്ക്രീനിൽ കാണുന്നില്ലയിരുന്നുവെന്നുമാണ് ആരാധകരും സിനിമാപ്രേമികളും പറഞ്ഞത്.
എസ്.എസ് രാജമൗലിയുടെ ഈച്ച റിലീസ് ചെയ്ത ശേഷമാണ് നാനിക്ക് കേരളത്തിൽ ഇത്രയേറെ ആരാധകരുണ്ടായി തുടങ്ങിയത്.
ദസറയാണ് നാനിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷനായി കേരളത്തിലും താരം എത്തിയിരുന്നു. നിരവധി കോളജുകളും അഭിമുഖങ്ങളും താരം കേരളത്തിലെ മീഡിയയ്ക്ക് നൽകിയിരുന്നു.
കീര്‍ത്തി സുരേഷാണ് ദസറയിൽ നാനിയുടെ നായിക. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്.
ഇപ്പോഴിത സിനിമയുടെ പ്രമോഷനായി കേരളത്തിലെത്തിയ നാനി പോപ്പർ സ്റ്റോപ്പ് മലയാളം, വെറൈറ്റി മീഡിയ എന്നീ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
‘2004 മുതലാണ് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്. എന്റെ ആദ്യത്തെ പ്രതിഫലം 2500 രൂപയായിരുന്നു. ചെക്കാണ് അവർ തന്നത്. പക്ഷെ അത് ബൗൺസായി.’
‘അതുകൊണ്ട് തന്നെ പ്രതിഫലം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ സിനിമ ചെയ്തപ്പോൾ പ്രതിഫലം 4000 രൂപ കിട്ടി. എല്ലാ നൂറിന്റെ നോട്ടായിരുന്നു.’
‘കാശ് വെച്ചപ്പോഴേക്കും പേഴ്സ് വീർത്തു. അത്രയും പണം നൂറിന്റെ നോട്ടായി കിട്ടുമ്പോൾ ഒരുപാടുണ്ടാകുമല്ലോ. പണക്കാരനായ ഫീലായിരുന്നു എനിക്ക്.’ നാനി വിശദീകരിച്ചു. മുപ്പത്തൊമ്പതുകാരനായ നാനി ആന്ധ്രയിലാണ് ജനിച്ച് വളർന്നത്.
നടൻ മാത്രമല്ല അവതാരകനായും തിളങ്ങിയിട്ടുണ്ട് നാനി. നവീൻ ബാബുവെന്നാണ് യഥാർഥ പേര്. തെലുങ്കിലൂടെ 2008ലായിരുന്നു സിനിമാ പ്രവേശം.
ആദ്യ ചിത്രത്തിൽ നായകന്മാരിൽ ഒരാളായിരുന്നു നാനി. പിന്നെ നിരവധി സിനിമകൾ ചെയ്തു. ശേഷം 2012 നാനിയിലേക്ക് ഈച്ച സിനിമ വന്നു.
അതോടെ കരിയർ ബ്രേക്ക് ലഭിക്കുകയും മുൻനിരതാരമായി നാനി ഉയരുകയുമായിരുന്നു. അണ്ടേ സുന്ദാരാനികിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത് ശ്രദ്ധിക്കപ്പെട്ട നാനിയുടെ സിനിമ.
നടൻ ഷൈൻ ടോം ചാക്കോയും നാനിയുടെ ദസറയിൽ പ്രധാന വേഷത്തിലുണ്ട്. നാനി ആടിത്തിമിര്‍ക്കുന്ന ചിത്രമായിരിക്കും ദസറ.
വെന്നെല എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ശ്രീകാന്ത ഒഡേലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. മലയാളം അടക്കം വിവിധ ഭാഷകളിലാണ് സിനിമ റിലീസിന് എത്തുന്നത്.