കൊല്ലം: മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്ര ചെയ്തതിന്റെ അനുഭവം തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ഞങ്ങള്‍ ഇന്ന് കടലില്‍ പോയി വല വിരിച്ചു. ഞാന്‍ കരുതിയത് ഒരുപാട് മല്‍സ്യങ്ങള്‍ ലഭിക്കുമെന്നാണ്. പക്ഷേ, വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച് മല്‍സ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ നേരിട്ടു മനസിലാക്കി നിങ്ങള്‍ നേരിടുന്ന പ്രശ്‌നം. ഞാന്‍ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാല്‍ നിങ്ങള്‍ എന്നും ഇത് അനുഭവിക്കുന്നു.
വള്ളത്തില്‍ വച്ച് തൊഴിലാളി സുഹൃത്തുക്കള്‍ എനിക്ക് മീന്‍ പാചകം ചെയ്ത് തന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവം. ഞാന്‍ ആ സുഹൃത്തുക്കളോട് ചോദിച്ചു. നിങ്ങളുടെ മക്കള്‍ എന്തു ചെയ്യുന്നുവെന്ന്. അവര്‍ പറഞ്ഞ?ത് അവരെ മല്‍സ്യത്തൊഴിലാളി മേഖലയില്‍ വിടാന്‍ ഒരുക്കമല്ലെന്നും അത്രമാത്രം കഷ്ടപ്പാടാണ് ഇവിടെയെന്നുമാണ്’ – തങ്കശേരി ബീച്ചില്‍ മല്‍സ്യത്തൊഴിലാളികളോടു സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളെയും ഈ സമൂഹത്തെയും ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നെന്ന് രാഹുല്‍ വ്യക്തമാക്കി. ഇതിനൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ തുറന്ന ചര്‍ച്ചയ്ക്കും അദ്ദേഹം തുടക്കമിട്ടു. ഇന്നു പുലര്‍ച്ചെയാണ് കടലിലേക്ക് പോയ മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുലും യാത്ര ചെയ്തത്. അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായിരുന്നു യാത്ര.
യുഡിഎഫ് പ്രകടന പത്രികയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് കടല്‍ യാത്രയ്ക്ക് ശേഷം രാഹുല്‍ മത്സ്യത്തൊഴിലാളികളുമായി നടത്തിയ സംവാദത്തില്‍ വ്യക്തമാക്കി.ഇതിനായി മത്സ്യ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിന്‍വലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.
ഏറ്റവും ഉറപ്പുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. പ്രകടന പത്രികയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തുന്നുവോ അതെല്ലാം നടപ്പിലാക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യ തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ കഴിയും വിധം പരിഹരിക്കാന്‍ ശ്രമിക്കും. പ്രത്യേക വകുപ്പ് രൂപീകരിക്കും.മത്സ്യ തൊഴിലാളികള്‍ക്കായി മാത്രമുള്ള മന്ത്രാലയം കേന്ദ്രത്തിലില്ല. അവര്‍ക്കൊപ്പം കടലില്‍ സമയം ചിലവിട്ടതോടെ തൊളിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ തനിക്ക് സാധിച്ചെന്ന് പറഞ്ഞ രാഹുല്‍ തൊഴിലാളികളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ഗാന്ധി കടല്‍യാത്രയും നടത്തി.കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികള്‍ക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുല്‍ യാത്ര ആരംഭിച്ചത്. ഏകദേശം രണ്ട് മണിക്കൂറോേളം രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം കടലില്‍ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കടല്‍ യാത്രയിലൂടെ സാധിച്ചെന്ന് രാഹുല്‍ പറഞ്ഞു. ഇന്നലെയാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്.