FeaturedHome-bannerNationalNews

പൊലീസ് വിലക്ക് ലംഘിച്ച് തെരുവിലൂടെ നടന്ന് രാഹുൽ ഇഡി ഓഫീസിലേക്ക്, തടഞ്ഞ് പൊലീസ്, ഡൽഹിയിൽ നാടകീയ നീക്കങ്ങൾ

ന്യൂഡൽഹി: പൊലീസ് വിലക്ക് ലംഘിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലേക്ക് നടന്ന് പോകാൻ ഒരുങ്ങി രാഹുൽ ഗാന്ധി എംപി. ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് പ്രകടനമായി പ്രവർത്തകർക്കൊപ്പം നടന്ന് പോകാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നത്. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ദില്ലി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. 

നിലവിൽ റാലിയായി എല്ലാ വിലക്കുകളും ലംഘിച്ച് രാഹുൽ ഗാന്ധി നടന്ന് പ്രവർത്തകർക്കൊപ്പം ഇഡി ഓഫീസിലേക്ക് നടക്കുകയാണ്. കെ സി വേണുഗോപാൽ, പി ചിദംബരം എന്നീ നേതാക്കളും രാഹുലിനൊപ്പമുണ്ട്. സ്ഥലത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കടുത്ത നിയന്ത്രണമുണ്ടായിട്ടും നിരവധി പ്രവർത്തകരാണ് രാഹുലിനൊപ്പം നടക്കുന്നത്. ഇവരിൽ പലരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. പ്രവർത്തകരെ കൊണ്ടുപോകാൻ സ്ഥലത്തേക്ക് കൂടുതൽ ബസ്സുകളും ദില്ലി പൊലീസ് എത്തിക്കുന്നുണ്ട്. 

ഇന്ന് രാവിലെ തന്നെ രാഹുൽ ഗാന്ധിയുടെ വസതിയ്ക്ക് മുന്നിലേക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകരെ ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘ‍ർഷമായി. പ്രദേശത്ത് ചെറിയ തോതിൽ ലാത്തിച്ചാർജും ഉണ്ടായി. എഐസിസി ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള രാഹുലിന്‍റെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. രാവിലെ നാടകീയരംഗങ്ങളാണ് എഐസിസി ആസ്ഥാനത്തിന് മുന്നിലും ഇഡി ഓഫീസിന് മുന്നിലും അരങ്ങേറുന്നത്. രാവിലെ ഇഡി ആസ്ഥാനത്തിന് മുന്നിലെത്തിയ മുൻ കോൺഗ്രസ് എംപി ഉദിത് രാജിനെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. 

ഇഡി ആസ്ഥാനത്തിന് മുന്നിലും വലിയ പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, ഇതിനിടെ ഇഡി ഓഫീസിന് മുന്നിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയെ പിടിച്ച് തള്ളി പൊലീസ്. പൊലീസും എംപിയും തമ്മിൽ വാക്കുതർക്കവുമുണ്ടായി. 

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്‍റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഒരിക്കല്‍ തെളിവില്ലെന്ന് കണ്ട് ഇഡി ക്ലോസ് ചെയ്ത  കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം മുന്‍പോട്ട് പോകട്ടെയെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്. 

90 കോടിയുടെ കടവുമായി 2008-ല്‍ നാഷണല്‍ ഹെറാള്‍ഡ് അടച്ചു പൂട്ടുന്നതോടെ തുടങ്ങുന്നു വിവാദവും. ബാധ്യത തീര്‍ക്കാന്‍ നാഷണല്‍ ഹെറാള്‍ഡിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണ്ണല്‍സ് ലിമിറ്റഡിന്  കോണ്‍ഗ്രസ് 90 കോടി രൂപ നല്‍കുന്നു. ഈ തുക തിരിച്ചടക്കാന്‍ എജെഎല്ലിന് കഴിഞ്ഞില്ല. 2010ല്‍ യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറകട്ര്‍മാരായി യംഗ്  ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നു. കോണ്‍ഗ്രസ് നല്‍കിയ വായ്പ പിന്നീട് യംഗ് ഇന്ത്യയുടെ പേരിലാക്കുന്നു. സ്വാഭാവികമായും എജെഎല്‍ യംഗ് ഇന്ത്യന് പണം നല്‍കണമെന്ന് വരുന്നു. 

പണം നല്‍കാന്‍ കഴിയാത്തതിനാല്‍ എജെഎല്ലിന്‍റെ ഓഹരികള്‍ 50 ലക്ഷം രൂപക്ക് യംഗ് ഇന്ത്യ വാങ്ങുകയും, രണ്ടായിരം കോടി രൂപയോളം വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടര്‍മാരായ കമ്പനിയുടെ പേരിലാകുകയും ചെയ്യുന്നു. ഈ ഇടപാട് ചോദ്യം ചെയ്ത് 2013ല്‍ സുബ്രഹ്മണ്യൻ സ്വാമി ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചതോടെ നിയമയുദ്ധത്തിന് തുടക്കമാകുന്നു. 

2014-ല്‍ സോണിയേയും രാഹുലിനെയും കോടതി വിളിച്ചുവരുത്തി. പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇഡിയും അന്വേഷണം തുടങ്ങി.  തെളിവില്ലെന്ന് കണ്ട് 2015-ല്‍  അന്വേഷണം അവസാനിപ്പിച്ച രാജന്‍ കട്ടോച്ച് എന്ന  ഉദ്യോഗസ്ഥനെ മാറ്റി സ്വാമിയുടെ പരാതിയില്‍ മോദി സര്‍ക്കാര്‍ കേസ് ഡയറി വീണ്ടും തുറക്കുന്നു. 2015-ല്‍ ദില്ലി കോടതിയില്‍  നിന്ന് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യമെടുത്തു.  

സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കീഴ് കോടതി നടപടികള്‍ തുടരട്ടെയെന്നായിരുന്നു നിലപാട്. ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ യംഗ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് യംഗ് ഇന്ത്യ അനുകൂല വിധി നേടി. ഇതിനിടെ കേസില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങി കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി ഇഡി രേഖപ്പെടുത്തി. പിന്നാലെയാണ് സോണിയഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker