ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ആകെ കാര്‍ഷിക മേഖലയേയും മുന്നോ നാലോ ചങ്ങാത്ത മുതലാളിമാരുടെ കൈകളില്‍ എത്തിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ മറ്റാരേയുമോ ഭയപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. വിവാദ കാര്‍ഷിക നിയമം സംബന്ധിച്ച ലഘുലേഖ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കാര്‍ഷിക മേഖലയെ മോദി സര്‍ക്കാര്‍ കുത്തകകളുടെ കൈയില്‍ എല്‍പ്പിച്ചിരിക്കുകയാണ്. കര്‍ഷകരും ഉന്നയിക്കുന്ന ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതിനാണ് പുതിയ നിയമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരെ 100 ശതമാനം പിന്തുണയ്ക്കുന്നു. അവര്‍ നമുക്കുവേണ്ടി പോരാടുമ്പോള്‍ രാജ്യത്തെ ഓരോ വ്യക്തിയും അവരെ പിന്തുണയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
തനിക്കൊരു വ്യക്തിത്വമുണ്ട്. താന്‍ നരേന്ദ്ര മോദിയോയോ മറ്റാരെയുമോ ഭയപ്പെടുന്നില്ല. താന്‍ ദേശസ്‌നേഹിയാണ്, താന്‍ തന്റെ രാജ്യത്തെ സംരക്ഷിക്കും. താന്‍ അവരെക്കാള്‍ കൂടുതല്‍ മതത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.