ആനയുടെ കൊമ്പില്‍ പിടിച്ച് ഫോട്ടോ; ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി

തൃശൂര്‍: എഴുന്നള്ളിച്ച ആനയുടെ കൊമ്പില്‍ പിടിച്ച് നില്‍ക്കുന്ന പടം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി. പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ താലപ്പൊലിയോടനുബന്ധിച്ച് നടന്ന ആനയെഴുന്നള്ളിപ്പില്‍ ആനയുടെ കൊമ്പ് പിടിച്ച് താലപ്പൊലി നാലാം ദിവസം എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചത്.

താലപ്പൊലി മഹോത്സവത്തിന്റെ നാലാം ദിവസം നടന്ന എഴുന്നള്ളിപ്പിനിടെ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ ആനകളെ കാണാനെത്തിയത്. ക്ഷേത്ര പരിസരത്ത് വച്ചു നടന്ന ചടങ്ങിനിടെ എത്തിയ ബി ഗോപാലകൃഷ്ണന്‍ ആനയുടെ കൊമ്പുകളില്‍ പൂമാല ചാര്‍ത്തി. തുടര്‍ന്നാണ് അദ്ദേഹം ആനക്കൊമ്പില്‍ പിടിച്ചു നിന്നു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സംഭവത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

തൃശ്ശൂരില്‍ ബാറിലെ അഭിഭാഷകനും രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന നേതാവ് കൂടിയായ വ്യക്തിയാണ് എന്നതും കുറ്റകൃത്യത്തിന്റെ വ്യാപ്തി വലുതാണെന്ന് പരാതിയില്‍ പറയുന്നു. പീപ്പിള്‍സ് ഫോര്‍ ജസ്റ്റിസ് സെക്രട്ടറി മനോജ് ഭാസ്‌കര്‍ ആണ് ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയത്. വനംവകുപ്പ് പരാതിയില്‍ പരിശോധന തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News