കൊച്ചി: ബോബി ചെമ്മണൂരിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട പരാതിയിൽ ഹണി റോസിനെ വീണ്ടും വിമർശിച്ച് രാഹുൽ ഈശ്വർ. ചാനൽ ചർച്ചയ്ക്കിടെയാണ് ഹണി റോസിനെതിരെ രാഹുൽ ഈശ്വർ ആഞ്ഞടിച്ചത്. കൂടാതെ കേസിൽ അറസ്‌റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാഹുൽ ന്യായീകരിക്കുകയും ചെയ്‌തു. ചർച്ചയ്ക്കിടെ രാഹുൽ ഈശ്വറും നടി മാല പാർവതിയും പരസ്‌പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തു.
ഹണി റോസ് സ്വയം മാർക്കറ്റ് ചെയ്‌തുവെന്നും തന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയെന്നുമാണ് രാഹുൽ ഈശ്വറിന്റെ ആരോപണം. ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. ബോബി ചെമ്മണ്ണൂർ ചെയ്‌തതിൽ ധാർമ്മികമായി യാതൊരു തെറ്റുമില്ല. ഫറ ഷിബില ഉൾപ്പെടെയുള്ള നടിമാർ തന്നെ ഹണി റോസിനെ വിമർശിച്ചു രംഗത്ത് വന്നിട്ടുണ്ടെന്നും രാഹുൽ ചർച്ചയ്ക്കിടയിൽ ചൂണ്ടിക്കാട്ടി.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ ന്യായീകരിക്കുന്നില്ല. ലൈംഗിക ചുവയോടെ പരാമർശം നടത്തുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരം തെറ്റാണ്. എന്നാൽ ഇതോടൊപ്പം ചർച്ച ചെയ്യേണ്ട ഒരു നിലപാട് നടി ഫറ ഷിബിലയുടേതാണ്. ആൺ നോട്ടങ്ങളെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തെയും അതി ബുദ്ധിപരമായിട്ടാണ് ഹണി റോസ് ഉപയോഗിച്ചത് എന്നാണ് ഫറ ഷിബില പറയുന്നത്.
കാര്യങ്ങൾ അത്ര നിഷ്‌കളങ്കമല്ല എന്ന് പറഞ്ഞുകൊണ്ട് അവർ അവരുടെ നിലപാട് വ്യക്തമാക്കുകയാണ്. അവർ ഒരു സ്ത്രീയാണ്, അഭിനേത്രിയാണ്, കലാരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഹണി റോസ് വരുന്ന അതേ മേഖലയിൽ നിന്നുള്ള ആളാണ്. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോ റീ ഷെയർ ചെയ്യുക വഴി എന്ത് മാതൃകയാണ് ഹണി റോസ് നൽകുന്നത് എന്ന് ഫറ ഷിബില ചോദിക്കുന്നത്.
ബോചെയുടെ സംസാരത്തിലും പെരുമാറ്റത്തിലും മിതത്വം ഇല്ലെന്ന് പറയുന്നത് പോലെ പലപ്പോഴും ഹണി റോസിന്റെ വസ്ത്രധാരണം വൾഗർ ആണെന്ന വിമർശനത്തെ എന്തിനാണ് നാം പേടിയോടെ കാണുന്നത്. എന്തിനാണ് അതിനെ അസഹിഷ്‌ണുതയോടെ കാണുന്നത്. കേരളത്തിലെ ആർക്കെങ്കിലും ഒരിക്കലെങ്കിലും അത് തോന്നാതിരുന്നിട്ടുണ്ടോ? അവരുടെ വസ്ത്രധാരണം കുറച്ച് ഓവറാണ് എന്ന് തോന്നാത്ത ഒരു മലയാളിയും ഉണ്ടാവില്ല.
ധാർമ്മികമായി തെറ്റായ ഒരു കാര്യം ഒരിക്കലും രാഷ്ട്രീയപരമായി ശരിയാകില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും ബോചെയെ പിടിച്ച് കല്ലെറിഞ്ഞ് സ്ത്രീപക്ഷവാദിയായി ചമയാനും ഞാൻ ഫെമിനിസ്‌റ്റ് ആണെന്ന് പറയാനുമല്ല നമ്മൾ ശ്രമിക്കേണ്ടത്.
എന്നാൽ രാഹുൽ ഈശ്വറിന് മറുപടിയുമായി മാല പാർവതി രംഗത്തെത്തി. പൊതുവേദിയിൽ വച്ച് കുന്തി ദേവിയെ പോലെയുണ്ടെന്ന പരാമർശം രാഹുൽ നടത്തുമോ എന്നായിരുന്നു മാല പാർവതിയുടെ ചോദ്യം. ബോചെ എന്ന് പറയുന്ന ആൾ മോറലി ശരിയാണെന്നാണ് രാഹുൽ പറയുന്നത്. കാരണം ഹണി റോസ് അവർക്ക് ഇഷ്‌ടപ്പെട്ട ഒരു വസ്‌ത്രം ധരിച്ചു എന്നുള്ളതാണ്. അതുകൊണ്ട് അവരെ കുറിച്ച് പറഞ്ഞ ഒരു കാര്യവും ധാർമ്മികമായി തെറ്റല്ല എന്നാണ് പറയുന്നത്; മാല പാർവതി മറുപടി നൽകി.
എന്നാൽ ഇതിനും രാഹുൽ ഈശ്വർ മറുപടി നൽകുകയുണ്ടായി. ഹണി റോസ് പലപ്പോഴും സ്വയം മാർക്കറ്റ് ചെയ്യുകയാണ് ചെയ്‌തിട്ടുള്ളത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അവർ ഇതിന്റെ വിപണ സാധ്യത ഉപയോഗിച്ചൊരു വ്യക്തിയാണ് എന്ന് പറയുന്നതിനോട് അസഹിഷ്‌ണുത കാണിക്കേണ്ട കാര്യമില്ല. അവരുടെ ഉദ്‌ഘാടനങ്ങളിൽ, അവരുടെ വസ്ത്രധാരണം മനോഹരമായി മാർക്കറ്റ് ചെയ്‌ത വ്യക്തിയാണ്; രാഹുൽ ഈശ്വർ ആരോപിച്ചു.