26.1 C
Kottayam
Monday, April 29, 2024

പ്രവാസികൾക്ക് തിരിച്ചടി: സ്വദേശിവല്‍ക്കണത്തിന് അംഗീകാരം, നടപടികൾ വേഗത്തിലാക്കി ഖത്തർ

Must read

ദോഹ: മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തറും സ്വദേശിവല്‍ക്കരത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണിപ്പോള്‍. സ്വകാര്യ മേഖലയിലെ ജോലികളിലാണ് സ്വദേശിവല്‍ക്കരണം ഖത്തര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ കരട് നിയമത്തിന് ഇന്നലെ ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. തുടര്‍ നടപടികള്‍ക്കായി ശൂറാ കൗണ്‍സിലിന് കൈമാറുകയും ചെയ്തു. വിശദമായ പഠനം നടത്തിയ ശേഷം ഏതൊക്കെ മേഖലയില്‍, എത്ര അളവില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സാധിക്കുമെന്ന് ശൂറ കൗണ്‍സില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വദേശികളേക്കാള്‍ ഇരട്ടിയിലധികം വിദേശികളുള്ള രാജ്യമാണ് ഖത്തര്‍. 27 ലക്ഷത്തോളമാണ് ഖത്തറിലെ ജനസംഖ്യ. ഇതില്‍ 20 ലക്ഷത്തിലധികവും വിദേശികളാണ്. വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഖത്തര്‍ സ്വകാര്യ മേഖലയിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെ തന്നെയാകും.

ഏതൊക്കെ മേഖലകളിലാണ് വിദേശികള്‍ ജോലി ചെയ്യുന്നത്, ഏതൊക്കെ മേഖലകളില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കും, ശമ്പളം, ജോലിയുടെ സ്വഭാവം, അതിന് വേണ്ട യോഗ്യതകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി പഠിച്ച ശേഷമാകും അന്തിമ തീരുമാനം ഖത്തര്‍ ഭരണകൂടം എടുക്കുക. ഖത്തര്‍ ഭരണകൂടത്തിന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികളിലെ സാഹചര്യവും പഠനവിധേയമാക്കും.

സൗദി അറേബ്യ ഏറെ കാലം മുമ്പ് തന്നെ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. കുവൈത്ത്, യുഎഇ തുടങ്ങിയ മറ്റു ജിസിസി രാജ്യങ്ങളും സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പാക്കിവരികയാണ്. തങ്ങളുടെ പൗരന്മാര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കുന്നത്. ഇതാകട്ടെ, സ്വാഭാവികമായും വിദേശികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ കുറയ്ക്കും.

യുഎഇയില്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ നാഫിസ് എന്ന കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. സ്വദേശികളെ ജോലി കണ്ടെത്താന്‍ സഹായിക്കുക, വിവിധ ജോലികള്‍ ചെയ്യാന്‍ പരിശീലിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ കൗണ്‍സില്‍ രൂപീകരിച്ചത്. നാഫിസ് നിലവില്‍ വന്ന ശേഷം സ്വദേശിവല്‍ക്കരണത്തിന് വേഗത കൂടിയെന്നാണ് യുഎഇ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

യുഎഇയിലെ സ്വകാര്യ മേഖലയില്‍ 82000ത്തോളം സ്വദേശികള്‍ക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. ഇതില്‍ പകുതിയിലധികവും നാഫിസ് വഴിയാണ് ജോലി നേടിയത്. വരുംവര്‍ഷങ്ങളിലും സ്വദേശിവല്‍ക്കരണം ശക്തമാക്കാനാണ് യുഎഇയുടെ തീരുമാനം. സ്വദേശികളെ ജോലിക്ക് എടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഭരണകൂടം ചില ഇളവുകള്‍ അനുവദിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week