KeralaNews

കുഴികളേക്കുറിച്ച് പരാതി പറയാം,PWD 4U ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് PWD 4U പുറത്തിറക്കി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്.എട്ടാം തീയതി ( ചൊവ്വാഴ്ച) വൈകുന്നേരം മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാനാകും. ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും.

ആദ്യ മൂന്ന് മാസം പരീക്ഷണഅടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടിഅറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ കൂടി വരുത്തും.പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാകും. പരാതിയുടെ തുടർനടപടികൾ സമയങ്ങളിൽ അറിയുന്നതിനും ആപ്പ് വഴി സാധിക്കും.

പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികൾ മാത്രമാണ് ഈ ആപ്പിലൂടെ പരിഹരിക്കാനാകുക.പൊതുമരാമത്ത് വകുപ്പിലെ റോഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റർ റോഡുകളുടെ വിവരം ഈ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ 4000 കിലോമീറ്ററിലെ വിവരം അപ്‌ലോഡ് ചെയ്താൽ ഉടൻ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. 29,000 കിലോമീറ്ററോളം റോഡിൻറെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാനുണ്ട്. ഇത് നടന്നു വരികയാണ്. ഈ റോഡുകളെ സംബന്ധിക്കുന്ന വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ കേന്ദ്രീകൃത സംവിധാനത്തിലെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുകയും ചെയ്യും.

പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ
കൂടുതൽ ജനസൗഹൃദമാക്കുന്നതിൻറെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു . ജനങ്ങളുടെ അഭിപ്രായം കേൾക്കുകയും പ്രായോഗികമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അതിൻറെ ഭാഗമായി വിവിധ പരിപാടികൾ നടപ്പാക്കുകയാണ്. വിവിധ പദ്ധതിപ്രദേശങ്ങൾ നേരിട്ട് കാണാൻ ശ്രമിക്കുന്നത് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും അഭിപ്രായങ്ങൾ കേൾക്കുന്നതിന് വേണ്ടിയാണ്. ആഴ്ചയിൽ ഒരു ദിവസം ഫോൺഇൻപ്രോഗ്രാമിലൂടെ അഭിപ്രായം കേൾക്കുകയും പരാതികൾ പരിഹരിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുന്നു. വകുപ്പിനെ കൂടുതൽ സുതാര്യമാക്കാൻ ആപ്പ് സഹായിക്കും.

ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഈ ആപ്പ് ലക്ഷ്യത്തിലെത്തിക്കാൻ പ്രധാനമാണ്. എല്ലാവരും ഒരുമിച്ച് നിൽക്കുന്ന സമയമാണിത്. പൊതുമരാമത്ത് വകുപ്പിനെ ജനകീയമാക്കാൻ കഴിഞ്ഞസർക്കാർ തുടക്കമിട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐ എ എസ് ,ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker