FeaturedKeralaNews

ഗുരുവിന്റെ കുതികാല്‍ വെട്ടിയ ആൾ എന്നെ ധാര്‍മികത പഠിപ്പിക്കേണ്ട; വി.ഡി.സതീശന് മറുപടിയുമായി അന്‍വര്‍

തിരുവനന്തപുരം:നിലമ്പൂർ എം.എൽ.എ പി.വി അൻവർ നിയമസഭയിൽ ഹാജരാവാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി പി.വി. അൻവർ. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സ്വന്തം ഗുരുവിന്റെ കുതികാൽവെട്ടിയ വി.ഡി. സതീശൻ തന്നെ ധാർമികത പഠിപ്പിക്കേണ്ടെന്ന് പി.വി. അൻവർ പറഞ്ഞു.

രാഹുൽ ഗാന്ധി ഇന്ത്യ വിട്ട് പോകുമ്പോൾ എവിടെയാണ് പോകുന്നതെന്ന് ഇന്റലിജൻസ് പോലും അറിയാറില്ല. അങ്ങനെയുള്ള നേതാവിന്റെ അനുയായിയാണ് വി.ഡി. സതീശൻ. നിയമസഭയിൽ എപ്പോൾ വരണമെന്നൊക്കെ തനിക്ക് നന്നായറിയാമെന്നും പി.വി അൻവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

അൻവറിന്റെ വാക്കുകൾ

പ്രിയപ്പട്ട പ്രതിപക്ഷ നേതാവേ, അങ്ങയുടെ പ്രസ്താവന ഇന്ന് കാണുകയുണ്ടായി. പി.വി അൻവർ നിയമസഭയിലെത്തുന്നില്ല എന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചര വർഷക്കാലം ജീവിതത്തിലൊരു കാലത്തും പി.വി അൻവർ നിയമസഭയിലെത്തരുത് എന്ന നിലയ്ക്ക് പ്രവർത്തിച്ച പാർട്ടിയുടെയും മുന്നണിയുടെയും നേതാവാണ് താങ്കൾ.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിന്റെ മുഴുവൻ നേതാക്കൻമാരെയും അണിനിരത്തി വ്യക്തിപരമായ എല്ലാ ആരോപണങ്ങളും ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എന്നെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചില്ല. അന്നെല്ലാം നിങ്ങളുടെ ഉദ്ദേശം ഞാൻ നിയമസഭയിൽ വരരുത് എന്നതായിരുന്നു. ഇപ്പോൾ നിയമസഭയിൽ എന്നെ കാണാത്തതിൽ അങ്ങേക്ക് സങ്കടം ഉണ്ട് എന്നറിഞ്ഞതിൽ നല്ല സന്തോഷം തോന്നുന്നു.

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് ചോദിക്കാനുള്ളത് താങ്കളുടെ നേതാവ് രാഹുൽ ഗാന്ധി എവിടെയാണ് എന്നാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോൾ ഏത് രാജ്യത്തേക്കാണ് പോവുന്നത് എന്ന് പോലും ഇന്ത്യയിലെ ജനങ്ങളോടൊ കോൺഗ്രസ് നേതൃത്വത്തോടൊ പറയാറില്ല. രാജ്യത്തെ ഇന്റലിജൻസിന് പോലും അദ്ദേഹം ഏത് രാജ്യത്താണ് എന്നറിയാറില്ല. അങ്ങനെയുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കൾ.

സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കുതികാൽ വെട്ടിയ ധാർമികതയാണ് താങ്കളുടേത്. അതുകൊണ്ട് ധാർമികതയെ കുറിച്ചൊന്നും ദയവായി എന്നോട് പറയരുത് നിയമസഭയിൽ എപ്പോൾ വരണമെന്നൊക്കെ എനിക്ക് നന്നായറിയാം. അതിന് താങ്കളുടെ സഹായം ആവശ്യമില്ല. ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണ്. അത് ഞാൻ നിറവേറ്റും

https://www.facebook.com/pvanvar/videos/353182283261033/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button