KeralaNews

പൊതുമുതൽ നശിപ്പിച്ച കേസ്: മന്ത്രി റിയാസ് ഉൾപ്പെടെ 12 പേർ പിഴയടച്ചത് 3.81 ലക്ഷം

വടകര: 9 വർഷം മുൻപ് ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ നഷ്ടപരിഹാര തുകയായ 3,81,000 രൂപ സബ് കോടതിയിൽ അടച്ചു. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റൽ വകുപ്പിന് വേണ്ടി പോസ്റ്റ് മാസ്റ്റർ കെ.രാജൻ നൽകിയ ഹർജിയിലെ വിധിയിലാണ് സബ് ജഡ്ജി ജോജി തോമസ് മുൻപാകെ തുക അടച്ചത്.

തുക അടയ്‍ക്കുന്നത് വൈകിയതിനാൽ പലിശയും കോടതി ചെലവും ചേർത്താണ് തുക ഈടാക്കിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആയിരിക്കെ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് ‍ഡിവൈഎഫ്ഐ നടത്തിയ പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പോസ്റ്റ് ഓഫിസിലെ കംപ്യൂട്ടറും കിയോസ്കും ജനലുകളും നശിപ്പിച്ച കേസിൽ 2014 മാർച്ച് 31നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കോഴിക്കോട് കോട്ടൂളി പുതുക്കുടി പറമ്പ് ഗ്രേയ്സിൽ പി.എ.മുഹമ്മദ് റിയാസ് (42) ഒന്നാം പ്രതിയായ കേസിൽ 12 പേർ പ്രതികളായിരുന്നു. 

വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശിക്ഷ ശരിവച്ചു. വൈകിയതിനാൽ ഹൈക്കോടതി അപ്പീൽ സ്വീകരിച്ചില്ല. പിഴ അടയ്‌ക്കാത്തതിനെ തുടർന്ന് പോസ്റ്റൽ വകുപ്പിന്റെ അഭിഭാഷകൻ എം.രാജേഷ്കുമാർ വിധി നടപ്പാക്കാൻ അപേക്ഷ നൽകിയതിനെ തുടർന്നാണ് പിഴത്തുക കെട്ടിവച്ചത്.

2011 ജനുവരി 19നാണ് ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച്. മന്ത്രിക്ക് പുറമെ എം.കെ.ശശി, പി.കെ.അശോകൻ, എ.പി.പ്രജിത്ത്, ഷാജി കൊളരാട്, എ.എം.റഷീദ്, ടി.അനിൽകുമാർ, കെ.എം.മനോജൻ,  കെ.കെ.പ്രദീപൻ, പി.ടി.കെ. രാജീവൻ, അജിലേഷ് കൂട്ടങ്ങാരം, ടി.സജിത്ത് കുമാർ എന്നിവരും ചേർന്നാണ് തുക അടച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button