Actress attack case: കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം തേടി ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചില ഡിജിറ്റൽ തെളിവുകള്‍ ലഭിച്ചിരുന്നു. ഈ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.
നിലവിൽ ചെന്നൈയിലാണ് നടിയുള്ളത്. അതുകൊണ്ടു തന്നെ അടുത്തയാഴ്ച മാത്രമേ ചോദ്യം ചെയ്യലിനു ഹാജരാകാൻ സാധിക്കൂ എന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന തരത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിന്റെ ഫോണിൽ നിന്നും പുതിയ വിവരങ്ങൾ ലഭിച്ചു. അതിൽ ആക്രമണ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. അതിനാൽ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. ഈ മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
അതേസമയം, കേസില്‍ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസില്‍ തീരുമാനിച്ചു. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസില്‍ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിൽ മറുപടി ആവശ്യപ്പെട്ടാണ് നടപടി.
പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെന്‍റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായില്ല.