KeralaNews

തനിക്കെതിരെ നടന്നത് മാധ്യമവേട്ട: നീതി ലഭിച്ചതിൽ സന്തോഷമെന്ന് പ്രിയ വർഗീസ്

കണ്ണൂർ: തനിക്കെതിരെ നടന്നത് മാധ്യമവേട്ടയാണെന്നും നീതി ലഭിച്ചതിൽ സന്തോഷമെന്നും പ്രിയ വർ​ഗീസ്. വ്യക്തി എന്ന നിലയിൽ താൻ അനുഭവിച്ചത് വേട്ട എന്നു തന്നെ പറയാൻ തോന്നുന്നെന്നും വിധിയിൽ വലിയ സന്തോഷമെന്നും അവർ കൂട്ടിചേർത്തു. കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസറായി നിയമിച്ചത് ഹെെക്കോടതി ശരിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയ വർ​ഗീസ്.

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയ വർഗീസിന് ആശ്വാസം. നിയമനത്തിനായുള്ളറാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്.

നീതി ലഭിച്ചെന്ന് പ്രിയ വർഗീസ് പ്രതികരിച്ചപ്പോൾ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഹർജിക്കാരനായ ജോസഫ് സ്കറിയ വ്യക്തമാക്കി. അസോഷ്യേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സിംഗിൾ ബെഞ്ച് വിധിയിലെ കണ്ടെത്തലുകൾ അസ്ഥിരപ്പെടുത്തിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അധ്യാപന പരിചയം വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് പിഴവ് പറ്റിയെന്ന പ്രിയ വർഗീസിന്റെ വാദം ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചു.

ഗവേഷണകാലയളവും, സ്റ്റുഡൻസ് സർവീസ് ഡയറക്ടർ സ്ഥാനത്തിരുന്ന സമയവും അധ്യാപനപരിചയമായി കണക്കാക്കാം. വിഷയത്തിൽ ജോസഫ് സ്കറിയയുടെ ഹർജി നിലനിൽക്കുന്നതായിരുന്നില്ല എന്നതിനാൽ സിംഗിൾ ബെഞ്ച് തള്ളണമായിരുന്നു.

സിംഗിൾ ജഡ്ജിയുടെ വാക്കാലുള്ള ചില പരാമർശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രിയ വർഗീസിന്റെ സ്വകാര്യതയെ ബാധിക്കുന്നതായിരുന്നു എന്ന വിമർശനവും ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button