കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കേരള പോലീസ് തന്ത്രപരമായി കുടുക്കി; സംഭവം ഇങ്ങനെ
പമ്പ: ഗ്യാരേജില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കേരളാ പോലീസ് കയ്യോടെ പിടികൂടി. തികച്ചും വ്യത്യസ്തമായ അന്വേഷണത്തിലൂടെയാണ് ടയര്‍ മോഷ്ടാക്കളെ പോലീസ് കുടുക്കിയത്. സംഭവത്തെ കുറിച്ച് കെ.എസ്.ആര്‍.ടി.സി എരുമേലി ഡിപ്പോയിലെ കണ്ടക്ടര്‍ അനൂപ് അയ്യപ്പന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
നമ്മുടെ പൊലീസ് മാമന് ഒരു ഒന്നൊര സല്യൂട്ട്…
സാധാരണ കള്ളന്‍ പോയ വഴിയിലൂടെ പുറകെ പോയാണ് പോലീസ് പ്രതിയെ പൊക്കുന്നത്. എന്നാല്‍ ഇവിടെ കളളന്‍ വന്ന വഴിയിലൂടെ പോലീസ് അങ്ങോട്ടു പോയി. മണിക്കൂറുകള്‍ക്കകം മോഷ്ടാവിനെ നടുറോഡീന്നു പൊക്കി. മോഷണം നടന്നത് പമ്പയില്‍, പോലീസ് അന്വേഷണം തുടങ്ങിയത് അങ്ങ് തമിള്‍നാട്ടിലും. സംഭവം ഇങ്ങനെ..
ശബരിമല സ്പെഷ്യല്‍ സര്‍വീസിനിടെ തൊടുപുഴ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു,ആദ്യം പൊലീസ് സ്റ്റേഷനിലും നടപടികള്‍ക്ക് ശേഷം പിന്നീട് നിലയ്ക്കലിലെ ബസ് ഗ്യാരേജിലുമെത്തിച്ചു.കള്ളന്റെ രംഗപ്രവേശം ഇനിയാണ്..ബസിന്റെ പിന്‍ടയറുകളുടെ ബോള്‍ട്ടുകള്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ടൂറിസ്റ്റ് വാഹനത്തിലെ ഡ്രൈവറും ക്ളീനറും ചേര്‍ന്ന് ഇളക്കാന്‍ ശ്രമിക്കുന്നു.ബോള്‍ട്ടുകള്‍ എല്ലാം ഇളക്കി മാറ്റിയെങ്കിലും ടയറുകള്‍ ഊരിയെടുക്കാന്‍ സാധിച്ചില്ല,തുടര്‍ന്ന് മുന്‍വശത്തെ ടയര്‍ ഊരി മാറ്റി,ജാക്കിക്ക് പകരം കരിങ്കല്ലു വെച്ച് ബസ് ഉയര്‍ത്തി നിര്‍ത്തിയ ശേഷം തങ്ങളുടെ വാഹനത്തിലെ പൊട്ടിയ ടയറുകള്‍ ഒറ്റനോട്ടത്തില്‍ വത്യാസം തിരിച്ചറിയാത്ത വിധത്തില്‍ തിരിച്ചിട്ടു. ശേഷം കെഎസ്ആര്‍ടിസി യുടെ ടയറുമായി ഗ്രൗണ്ടില്‍ നിന്നും കള്ളന്മാര്‍ മുങ്ങി.
രാവിലെ വാഹനങ്ങള്‍ പരിശോധിക്കാനെത്തിയ മെക്കാനിക്കുകളുടെ സംഘം ടയര്‍ ഊരിമാറ്റിയതായി കണ്ടെത്തി,തുടര്‍ന്ന് മറ്റേതെങ്കിലും ബസിന് മാറി നല്‍കിയതാണൊ എന്നറിയുവാന്‍ തലേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ബന്ധപ്പെട്ടു.അവരാരും ടയര്‍ മാറ്റിയിട്ടില്ല എന്നറിയിച്ചതോടെ മോഷണമാണെന്ന് ഉറപ്പിച്ചു.മോഷ്ടാവിനെ തേടി ജിവനക്കാര്‍ തലങ്ങും വിലങ്ങുമോടി.സംഭവമറിഞ്ഞ് ഡിപ്പോ അധികാരിയും ചാര്‍ജ് മാനും ടയര്‍ ഇന്‍സ്പെക്ടറുമൊക്കെ സ്ഥലത്തെത്തി.തലേ ദിവസം ഉച്ചയ്ക്ക് ശേഷം നിലയ്ക്കലില്‍ എത്തിയ തമിഴ്‌നാട് രജിസ്ട്രേഷന്‍ ബസ് മാത്രം പെട്ടെന്ന് കാണാനില്ല എന്ന് കണ്ടെത്തി.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.വയര്‍ലസ് സന്ദേശങ്ങള്‍ എല്ലാ പാര്‍ക്കിങ്ങ് മൈതാനങ്ങളിലുമെത്തി,നിങ്ങളുടെ ടയര്‍ എങ്ങനെ തിരിച്ചറിയുമെന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചോദ്യത്തിന് ഓരോ ടയറിനും കെഎസ്ആര്‍ടിസി നടത്തുന്ന കോഡിങ്ങ് രീതി പൊലീസിനോട് വ്യക്തമാക്കി.മറ്റ് പാര്‍ക്കിങ്ങ് മെതാനങ്ങളില്‍ എല്ലാം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായതോടെ പൊലീസ് മടങ്ങി.ഒരു തുമ്പും കണ്ടെത്താനാകാതിരുന്നതോടെ തന്റെ പണി പോയി എന്നുറപ്പിച്ച ടയര്‍ ഇന്‍സ്പെക്ടറും മറ്റ് ജീവനക്കാരും ഭക്ഷണം പോലും കഴിക്കാനാകാതെ മോഷ്ടാവിനെ തേടി തളര്‍ന്നുറങ്ങി.പ്രതീക്ഷ നഷ്ടപ്പെടുന്നിടത്ത് ദൈവത്തിന്റെ അദൃശ്യകരം പ്രവര്‍ത്തിക്കുമെന്ന് പറയുന്ന പോലെ രാത്രിയില്‍ പൊലീസിന്റെ വിളിയെത്തി..കള്ളനെക്കിട്ടി,ടയറുമായി അങ്ങോട്ട് വരുന്നുണ്ട്..മോഷ്ടാവിനിട്ട് രണ്ടെണ്ണം കൊടുക്കണമെന്ന ആവേശത്തില്‍ നിന്ന ജീവനക്കാരെ പൊലീസും മേലുദ്യോഗസ്ഥരും ഇടപെട്ട് തടഞ്ഞു.എങ്ങനെ കണ്ടു പിടിച്ചു എന്ന ചോദ്യത്തിനാണ് പൊലീസിന് നല്ല ഒരു സല്യൂട്ട് കൊടുത്തു പോകുന്നത്.
തങ്ങളുടെ ടയറുകള്‍ക്ക് കെഎസ്ആര്‍ടിസി ഇടുന്ന ടയര്‍ കോഡിങ്ങ് സമ്പ്രദായം തന്നെയാണ് മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസിനെയും സഹായിച്ചത്.പക്ഷെ അന്വേഷണം തിരിച്ചായിരുന്നുവെന്ന് മാത്രം.മോഷ്ടിച്ച ടയര്‍ കണ്ടു പിടിക്കുക എന്നത് ദുഷ്‌കരമായതിനാല്‍ മോഷ്ടാക്കള്‍ ബസില്‍ ഘടിപ്പിച്ചിട്ടു പോയ ടയറിന്റെ കോഡാണ് പൊലീസ് പരിശോധിച്ചത്.തുടര്‍ന്ന് ടയര്‍ കമ്പനിയില്‍ നടത്തിയ അന്വേഷണത്തില്‍ ആ സിരീസിലെ ടയറുകള്‍ തമിള്‍നാട്ടിലെ തിരുപ്പൂര്‍ ഭാഗത്താണ് നല്‍കിയതെന്ന് വ്യക്തമായി.അവിടെ നിന്നും തിരുപ്പൂരിലെ കമ്പനിയുടെ വിതരണക്കാരന്റെ നമ്പരില്‍ ബന്ധപ്പെട്ട് ടയര്‍ വാങ്ങിയത് ആരെന്ന് അന്വേഷിച്ചു.
തിരുപ്പൂരിലുള്ള രഞ്ജിത് ട്രാവല്‍സാണ് ടയര്‍ വാങ്ങിയതെന്ന് തിരിച്ചറിഞ്ഞു.തുടര്‍ന്ന് ഉടമയെ ബന്ധപ്പെട്ട് കമ്പനിയുടെ ബസുകളില്‍ ഏതെങ്കിലും ശബരിമലയ്ക്ക് പോയിട്ടുണ്ടൊ എന്നന്വേഷിച്ചു.ഉണ്ട് എന്ന മറുപടി ലഭിച്ചതോടെ ഡ്രൈവറുടെ നമ്പര്‍ വാങ്ങിയ ശേഷം ബസ് ചെറിയ ഒരു അപകടത്തില്‍പ്പെട്ടതായി ഉടമയെ അറിയിച്ചു.നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറിയതോടെ ബസിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ പമ്പ റൂട്ടില്‍ വടശേരിക്കരയാണെന്നും ബസ് നിര്‍ത്തിയിട്ടിരിക്കുകയാണെന്നും മനസിലാക്കി.വിവരം വടശേരിക്കര പോലീസിന് കൈമാറുന്നു.മിനിട്ടുകള്‍ക്കുള്ളില്‍ ബസിന് മുന്‍പില്‍ പൊലീസ്.തീര്‍ത്ഥാടകരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതോടെ കടയില്‍ കാപ്പി കുടിക്കുകയായിരുന്ന ടയര്‍ കള്ളന്‍മാരെ അവര്‍ തന്നെ കാണിച്ചു കൊടുത്തു.
തീര്‍ത്ഥാടകരെ മറ്റൊരു വാഹനത്തില്‍ കയറ്റി അയച്ച ശേഷം ബാക്കി സ്തംഭിച്ചു നിന്ന മോഷ്ടാക്കളോട് ബാക്കി കാപ്പി നിലയ്ക്കലില്‍ ചെന്നിട്ട് കുടിക്കാമെന്നറിയിച്ചു.തൊണ്ടി മുതലും കള്ളന്‍മാരുമായി ബസ് തിരികെ നിലയ്ക്കലില്‍ എത്തി.ടയര്‍ ഇന്‍സ്പെക്ടര്‍ക്കും ജീവനക്കാരും ശ്വാസം നേരെ വീണത് അപ്പോളാണ്.തങ്ങളുടെ ടയര്‍കോഡിങ്ങ് സിസ്റ്റം തന്നെ കള്ളനെ പിടിക്കാന്‍ ഉപകരിച്ചതിന്റെ സന്തോഷത്തില്‍ തീര്‍ത്ഥാടകരുടെ സേവനത്തിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരും..ഇതൊക്കെ എന്ത് എന്ന ചെറുചിരിയില്‍ എല്ലാമൊതുക്കി കേരള പൊലീസും..