കൊച്ചി: യാത്രക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്നു സ്വകാര്യബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ട വയോധികന് ദാരുണാന്ത്യം. വണ്ണപ്പുറം സ്വദേശി കെ.ഇ. സേവ്യര്‍ (68) ആണു മരിച്ചത്. മൂവാറ്റുപുഴയിലാണു സംഭവം. കാളിയാര്‍- മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന മദര്‍ലാന്റ് എന്ന സ്വകാര്യബസില്‍ യാത്ര ചെയ്യവെ സേവ്യര്‍ കുഴഞ്ഞു വീണു. എന്നാല്‍ ഇദ്ദേഹത്തിനു ചികിത്സ നല്‍കാന്‍ ബസ് ജീവനക്കാര്‍ തയാറായില്ല. പകരം അഞ്ചുകിലോമീറ്റര്‍ മാറി ഞാറക്കാട് എന്ന സ്ഥലത്ത് ഇദ്ദേഹത്തെ റോഡില്‍ ഇറക്കിവിട്ടു.
ഒരു ഓട്ടോയുടെ അടുത്തു ബസ് നിര്‍ത്തി, ബസ് ജീവനക്കാര്‍ സേവ്യറിനെ വലിച്ചിഴച്ചു പുറത്തേക്കു തള്ളുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. നിങ്ങളില്‍ ആരെങ്കിലും കൂടെ വരണമെന്ന് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാര്‍ കൂട്ടാക്കിയില്ല. പിന്നീട് ഓട്ടോഡ്രൈവര്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സേവ്യര്‍ ഏറെ താമസിയാതെ മരിച്ചു. ഈ സാധനത്തെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടശേഷം ബസ് ജീവനക്കാര്‍ മുങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.