EntertainmentNews

‘കിഡ്നി ചോദിക്കരുത് മോളെ കെട്ടിക്കാൻ വെച്ചേക്കുവാ… ആന്റണിയുടെ മൈന്റ് വോയ്സ് ഇതാണ്’ പോസ്റ്റുമായി പൃഥ്വിരാജ്

കൊച്ചി:സംവിധായകൻ എന്ന രീതിയിൽ പൃഥ്വിരാജിനെ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയ സിനിമയാണ് ലൂസിഫർ. ആറ് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ പല റെക്കോർഡുകളും തിരുത്തിയെഴുതിയ സിനിമയുടെ രണ്ടാം ഭാ​ഗമായ എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പുരോ​ഗമിക്കുന്ന എമ്പുരാൻ അടുത്ത വർഷം മാർച്ചോടെ തിയേറ്ററുകളിലെത്തിയേക്കും. ലൂസിഫർ വൻ വിജയമായതുകൊണ്ട് തന്നെ നല്ലൊരു ഹൈപ്പ് ആരാധകർക്കിടയിലുള്ള സിനിമയാണ് എമ്പുരാൻ.

ഖുറേഷി അബ്രാമിനെ കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ ലുക്ക് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷിയുടെ വലംകൈയായ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

എംപറേഴ്സ് ജനറൽ എന്ന വിശേഷണത്തോടെയാണ് പൃഥ്വിയുടെ പോസ്റ്റർ മോഹൻലാൽ അവതരിപ്പിച്ചത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുന്ന എമ്പുരാന്റെ ചിത്രീകരണം യുകെ, യുഎസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവി​ധ സ്ഥലങ്ങളിലുമാണ് നടക്കുന്നത്. ഇടയ്ക്കിടെ ലൊക്കേഷൻ വിശേഷങ്ങൾ ചിത്രങ്ങളായി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട് പൃഥ്വിരാജ്.

അത്തരത്തിൽ താരം എമ്പുരാന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജന്മദിനത്തിൽ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തനിക്കുള്ള പിറന്നാൾ ആശംസയിൽ ഒരു കാര്യം ആന്റണിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് അത് വൈറലുമായിരുന്നു. എമ്പുരാന്റെ ഷൂട്ടിങ്ങിനായി ഒരു ഹെലികോപ്റ്ററാണ് പൃഥ്വിരാജ് സുകുമാരൻ ആവശ്യപ്പെട്ടത്.

അന്ന് പൃഥ്വിരാജ് ഈ ആവശ്യം ആന്റണിയെ കമന്റിലൂടെ അറിയിച്ചപ്പോൾ നിരവധി ആരാധകർ രസകരമായ കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ ആവശ്യപ്രകാരം ഒരു ഹെലികോപ്റ്റർ‌ ആന്റണി എമ്പുരാന്റെ ലൊക്കേഷനിൽ എത്തിച്ചിരിക്കുകയാണ്.

തന്റെ ആ​ഗ്രഹം നിർമാതാവ് സാധിച്ച് തന്ന വിവരം രസകരമായ പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ലെ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും…? എന്ന് ക്യാപ്‌ഷൻ നൽകിയാണ് തന്റെ മുന്നിൽ തൊഴുകൈയ്യോടെ ഇരിക്കുന്ന ആന്റണിയുടെ ഒരു ഫോട്ടോ പൃഥ്വിരാജ് സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തത്.

പോസ്റ്റും ഫോട്ടോയും അതിവേ​ഗത്തിൽ വൈറലായി. ഒന്നര ലക്ഷത്തിന് മുകളിൽ ലൈക്ക് ഇൻസ്റ്റ​ഗ്രാമിൽ‌ കിട്ടിയ പോസ്റ്റിന് ആദ്യം കമന്റുമായി വന്നത് ടൊവിനോ തോമസാണ്.

‘ഇനി ഒരു പറക്കും തളിക’ എന്നാണ് ടൊവിനോ കുറിച്ചത്. നടന്റെ കമന്റ് ക്ലിക്കായി. ചോദിച്ച് നോക്ക് എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നാണ് ആരാധകർ ടൊവിനോയ്ക്കുള്ള മറുപടിയായി കുറിച്ചത്. പൃഥ്വിയുടെ ഭാര്യ അടക്കമുള്ളവരും കമന്റുമായി എത്തിയിട്ടുണ്ട്. പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ഫോട്ടോയിലെ ആന്റണിയെ കണ്ടിട്ട് കിഡ്നി ചോദിക്കരുത് അത് മോളെ കെട്ടിക്കാൻ വെച്ചേക്കുവാ… എന്ന് പറയാൻ ഉദ്ദേശിക്കുന്നതായാണ് തോന്നിയതെന്നാണ് ഒരാൾ പോസ്റ്റിന് കമന്റായി കുറിച്ചത്.

ലെ ആന്റണി:- ഇനി കൊണ്ട് വരാൻ അണുമ്പോബ് കൂടി മാത്രമെ ബാക്കിയുള്ളു. അതുകൂടി ഓർഡർ കൊടുക്കട്ടെ ഒരു നാലെണ്ണം എന്നിങ്ങനെ തുടങ്ങി ക്രിയേറ്റീവായ നിരവധി രസകരമായ ക്യാപ്ഷനുകൾ പൃഥ്വിരാജിന്റെയും ആന്റണിയുടെയും ഫോട്ടോയ്ക്ക് താഴെ ആരാധകർ കുറിച്ചിട്ടുണ്ട്. ക്യാപ്ഷൻ പിഷാരടിയെ കൊണ്ട് എഴുതിക്കാമായിരുന്നില്ലേയെന്നും ചിലർ പൃഥ്വിരാജ് മലയാളത്തിൽ എഴുതിയെ ക്യാപ്ഷനിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി ചോദിച്ചിട്ടുമുണ്ട്.

എമ്പുരാൻ സിനിമയുടെ എഡിറ്റിങ് പൂർത്തിയാക്കാത്ത രംഗങ്ങൾ കണ്ട് ഞെട്ടിയെന്നാണ് അടുത്തിടെ ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ദീപക് ദേവ് പറഞ്ഞത്. ചിത്രത്തിലെ സ്ഫോടന രംഗങ്ങൾ ലൈവായിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും ദീപക് ദേവ് വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker