നെടുങ്കണ്ടം: ചേമ്പളത്ത് 15 അംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെയും ഭാര്യയെയും പൂര്‍ണഗര്‍ഭിണിയായ മരുമകളെയും ആക്രമിച്ചതായി പരാതി. ചേമ്പളം പാലത്താനത്ത് ആന്റണി ജോസഫ് (60), ഭാര്യ ഗ്രേസിക്കുട്ടി (56), മരുമകള്‍ ടീന (25) എന്നിവര്‍ക്കാണു അക്രമത്തില്‍ പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്കു മാറ്റുന്നത് അക്രമികള്‍ തടഞ്ഞതിനെത്തുടര്‍ന്നു പോലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ പിന്നീടു കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മൂവരുടെയും ദേഹമാസകലം അടിയേറ്റ പാടുകളുണ്ട്. ഗ്രേസിക്കുട്ടിയെയും ടീനയെയും അക്രമിസംഘം അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആന്റണിയുടെ തല കമ്പിവടി കൊണ്ട് അടിച്ചുപൊട്ടിച്ച നിലയിലാണ്. പരുക്കേറ്റ ഇവര്‍ അലറിവിളിച്ചെങ്കിലും അക്രമിസംഘം സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ അടുത്തേക്കു വന്നില്ല. അര മണിക്കൂറോളം മര്‍ദ്ദനമേറ്റ ആന്റണി ബോധമില്ലാതെ റോഡില്‍ കിടന്നതായും റിപ്പോര്‍ട്ടുണ്ട്.
ആന്റണിയുടെ വീടിനടുത്തുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതുമായി ബന്ധപ്പെട്ടു കേസ് നിലവിലുണ്ട്. സ്ഥലം പഞ്ചായത്തിന്റേതാണെന്നും ഇതു തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി പല തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സ്ഥലം അളന്നുതിരിച്ച് ഏറ്റെടുക്കാന്‍ പഞ്ചായത്തിനോടു ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ വിധി നടപ്പിലാക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്നു കോടതിയലക്ഷ്യത്തിന് ആന്റണി കേസ് നല്‍കി. അടുത്തയിടെ അദാലത്തിലും ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു കുടുംബം പറയുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.