EntertainmentKeralaNews

‘ഹൃദയ’ത്തിലെ നാലാമത്തെ ഗാനം തമിഴിൽ; ചെന്നൈ നഗരത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടിയെന്ന് വിനീത്

കൊച്ചി:വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ഹൃദയം (Hridayam) സിനിമയിലെ ടീസറുകളും പാട്ടുകളും പ്രേക്ഷകർ ഇരുംകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ (Pranav Mohanlal) നായകനായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ജനുവരി 21ന് പ്രേക്ഷകർക്ക് മുന്നെലെത്തും. ഇപ്പോഴിതാ ചിത്രത്തിലെ നാലാമത്തെ ​ഗാനം ഇന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും വിനീത് അറിയിച്ചു. നാളെ വെകുന്നേരം ആറ് മണിയോടെ പാട്ട് റിലീസ് ചെയ്യും. കുറൽ കേക്കുതേ എന്ന് തുടങ്ങുന്ന പാട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.

‘ഹൃദയത്തിലെ നാലാമത്തെ പാട്ട് നാളെ റിലീസ് ചെയ്യും. നമ്മുടെ പ്രിയ ഗായകൻ ശ്രീ. ഉണ്ണി മേനോൻ ആലപിച്ചിരിക്കുന്ന ഈ ഗാനം, ഗുണ ബാലസുബ്രഹ്മണ്യം എന്ന സംഗീതജ്ഞനാണ് എഴുതിയിരിക്കുന്നത്. ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. ഈ നഗരം ഈ സിനിമയുടെ അവിഭാജ്യഘടകമായതുകൊണ്ടുതന്നെ, ഈ പാട്ട് തമിഴിലാണ്. ഓഡിയോ കമ്പനിയായ തിങ്ക് മ്യൂസിക് തന്നെയാണ് ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ നഗരത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഞങ്ങൾ ഇത് സമർപ്പിക്കുന്നു’, – വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.

പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ‘ദര്‍ശന’ സോംഗ് (Darshana Song) ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. പിന്നാലെ ഇറങ്ങിയ രണ്ട് ​ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

നിവിൻ പോളി നായകനാകുന്ന തുറമുഖം, ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട്, ടൊവിനോയുടെ നാരദൻ തുടങ്ങിയ സിനിമകൾ ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker