കൊച്ചി:ഗാനങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമാണ് ഹൃദയം (Hridayam). ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വ്വഹിച്ച 15 ഗാനങ്ങളാണ് വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്‍റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ത്യാഗരാജ സ്വാമികള്‍ എഴുതി, സംഗീതം പകര്‍ന്ന നഗുമോ എന്ന കീര്‍ത്തനം സിനിമയ്ക്കുവേണ്ടി തയ്യാറാക്കിയിരിക്കുകയാണ് ഹിഷാം. അരവിന്ദ് വേണുഗോപാല്‍ ആണ് ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal), കല്യാണി പ്രിയദര്‍ശന്‍ കെമിസ്ട്രിയാണ് ഈ ഗാനരംഗത്തിന്‍റെ ഹൈലൈറ്റ്.
ബോക്സ് ഓഫീസില്‍ വിജയം നേടിയ ഹൃദയം ഒടിടി റിലീസിനു ശേഷവും തിയറ്ററുകളില്‍ തുടരുന്നുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ജനുവരി 21നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം.
പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമാണിത്. ഫെബ്രുവരി ആദ്യവാരം തന്നെ ഹൃദയം പ്രണവിന്‍റെ കരിയറില്‍ ഏറ്റവുമധികം കളക്ട് ചെയ്യപ്പെട്ട ചിത്രമായി മാറിയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി.
കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. അരുണിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്.
വിജയരാഘവന്‍, ജോണി ആന്‍റണി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളെയും വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍. വിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസെറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.