ഡോക്ടറായി മുഖ്യമന്ത്രി രോഗികള്‍ക്കിടയിലേക്ക്,ഗോവയില്‍ നിന്നും ഒരു വ്യത്യസ്തമായ വാര്‍ത്ത

പനാജി:വ്യത്യസ്തമായ വേഷങ്ങള്‍ അണിഞ്ഞശേഷം രാഷ്ട്രീയക്കാരായി മാറുന്നവരാണ് നേതാക്കള്‍,എന്നാല്‍ ഉന്നതപദവികളില്‍ എത്തിയശേഷം പഴയജോലി മറക്കുന്നവരാണ് പലരും. എന്നാല്‍ ഇക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തനാവുകയാണ്‌ ഗോവ മുഖ്യമന്ത്രി.

ജന്മദിനത്തില്‍ ഡോക്ടറുടെ വേഷം വീണ്ടുമണിഞ്ഞാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത കൊവിഡിനെതിരായ പ്രതിരോധത്തെ മുന്നില്‍ നിന്നു നയിയ്ക്കുന്നത്.മുഖ്യമന്ത്രി ആശുപത്രിയിലേക്ക് എത്തിയപ്പോള്‍ രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അമ്പരപ്പ്. മപ്‌സയിലെ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചത്.

ആദ്യ കോവിഡ് മുക്ത സംസ്ഥാനമായി ഗോവ മാറിയതിനു പിന്നാലെയാണ് ഡോക്ടര്‍കുപ്പായം എടുത്തണിഞ്ഞ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജില്ലാ ആശുപത്രിയിലെത്തിയത്. മപ്‌സയിലെ ജില്ലാ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചു. മുഖ്യമന്ത്രിയെ ഡോക്ടര്‍കസേരയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ ആദ്യം അദ്ഭുതപ്പെട്ടു. തുടര്‍ന്ന് ഒ.പി.യിലെത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.

‘ജനങ്ങളെ സേവിക്കുന്നത് എല്ലായ്പ്പോഴും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി, ഡോക്ടര്‍ എന്നീ രണ്ടു മാര്‍ഗങ്ങളും ഉപയോഗിക്കാം. ഇന്ന് ഡോക്ടറായാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. കോവിഡിനെ ഗോവയില്‍നിന്ന് തുരത്താന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോള്‍ ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്‌ബോള്‍ത്തന്നെ എല്ലാവര്‍ക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തില്‍ ഡോക്ടര്‍കുപ്പായം വീണ്ടുമിട്ടത്’ -മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News